സാന്റാ ക്ലാര (യു.എസ്.എ): ഫിഫ ലോകകപ്പില്‍ തങ്ങളുടെ ചരിത്രത്തിലെ ആദ്യ പോയിന്റ് സ്വന്തമാക്കി ഖത്തര്‍. ഗ്രൂപ്പ് ബിയിലെ ആവേശപ്പോരാട്ടത്തില്‍ കരുത്തരായ സ്വിറ്റ്‌സര്‍ലന്‍ഡിനെയാണ് ഖത്തര്‍ 1-1 എന്ന നിലയില്‍ സമനിലയില്‍ തളച്ചത്. മത്സരത്തിന്റെ അവസാന നിമിഷം (94-ാം മിനിറ്റില്‍) ബൗലെം ഖൂഖി നേടിയ നാടകീയ ഹെഡ്ഡര്‍ ഗോളാണ് ഖത്തറിന് ചരിത്രപരമായ സമനില സമ്മാനിച്ചത്.
മത്സരത്തിന്റെ തുടക്കം മുതല്‍ സ്വിസ് പടയാണ് കളം നിറഞ്ഞുകളിച്ചത്. 17-ാം മിനിറ്റില്‍ത്തന്നെ അവര്‍ ലീഡെടുക്കുകയും ചെയ്തു. ക്യാപ്റ്റന്‍ ഗ്രാനിറ്റ് ഷാക്കയുടെ മികച്ച മുന്നേറ്റത്തിനൊടുവില്‍ സ്വിസ് താരം ബ്രീല്‍ എംബോളോയെ ബോക്‌സിനുള്ളില്‍ ഖത്തര്‍ ഗോള്‍കീപ്പര്‍ മഹ്‌മൂദ് അബുനാദ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്ക് എടുത്ത എംബോളോ പിഴവുകളൊന്നുമില്ലാതെ പന്ത് വലയിലെത്തിച്ചു (1-0). ഈ ഗോളോടെ തുടര്‍ച്ചയായി നാല് പ്രധാന അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ സ്‌കോര്‍ ചെയ്യുന്ന താരം എന്ന റെക്കോര്‍ഡും എംബോളോ സ്വന്തമാക്കി.
തുടര്‍ന്ന് ഡാന്‍ എന്‍ഡോയ്, റൂബന്‍ വര്‍ഗാസ് എന്നിവരിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡ് നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും ജുലന്‍ ലോപെറ്റെഗിക്ക് കീഴിലിറങ്ങിയ ഖത്തര്‍ പ്രതിരോധം കൂടുതല്‍ ഗോളുകള്‍ വഴങ്ങാതെ പിടിച്ചുനിന്നു. രണ്ടാം പകുതിയിലും സ്വിറ്റ്‌സര്‍ലന്‍ഡ് സമ്മര്‍ദ്ദം തുടര്‍ന്നുകൊണ്ടേയിരുന്നു. എന്നാല്‍ അക്രം അഫീഫിന്റെ നേതൃത്വത്തില്‍ പ്രത്യാക്രമണ ശൈലിയാണ് ഖത്തര്‍ പുറത്തെടുത്തത്. പ്രതിരോധത്തില്‍ ബൗലെം ഖൂഖിയും പെഡ്രോ മിഗുവലും വന്മതില്‍ തീര്‍ത്തപ്പോള്‍, ഗോള്‍കീപ്പര്‍ അബുനാദയുടെ മികച്ച സേവുകളും ഖത്തറിന് തുണയായി. സ്വിറ്റ്‌സര്‍ലന്‍ഡ് ഒരു ഗോളിന്റെ വിജയത്തിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ച നിമിഷങ്ങളിലാണ് കളി മാറിയത്.
ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ സ്റ്റേഡിയത്തെ നിശബ്ദമാക്കിക്കൊണ്ട് ഖത്തറിന്റെ സമനില ഗോള്‍ പിറന്നു. വലതുവിങ്ങില്‍ നിന്നും അക്രം അഫീഫ് നല്‍കിയ ക്രോസ്സ്, മുപ്പത്തിനാലുകാരനായ വെറ്ററന്‍ ഡിഫന്‍ഡര്‍ ബൗലെം ഖൂഖി വായുവില്‍ ഉയര്‍ന്നുചാടി സ്വിസ് ഗോളി ഗ്രെഗര്‍ കോബെലിനെ നിഷ്പ്രഭനാക്കി ഹെഡ്ഡറിലൂടെ വലയ്ക്കുള്ളിലാക്കി. ഖത്തര്‍ താരങ്ങളും ആരാധകരും ഒരേപോലെ ആവേശ ലഹരിയിലാണ്ട നിമിഷമായിരുന്നു അത്.
2022-ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ് നിരാശപ്പെടുത്തിയ ഖത്തറിന്, ഈ സമനില വരാനിരിക്കുന്ന മത്സരങ്ങളില്‍ വലിയ ആത്മവിശ്വാസം നല്‍കും. വലിയ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ സ്വിറ്റ്‌സര്‍ലന്‍ഡിന് ഈ സമനില ഒരു തിരിച്ചടിയാണ്. അതേസമയം
ഖത്തറിന് വേണ്ടി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ച മലയാളി താരം തഹ്‌സീന്‍ ഇന്ന് കളിച്ചില്ല.
ചരിത്രം കുറിച്ച് ഖത്തര്‍; ഇഞ്ചുറി ടൈം ഗോളില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ തളച്ചു