വരാനിരിക്കുന്ന നവംബർ മാസത്തിൽ കേന്ദ്രസർക്കാർ രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചേക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. അടുത്ത വർഷത്തിന്റെ തുടക്കത്തിൽ ഉത്തർപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളിൽ നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുകയാണ്.
അതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ശക്തമാകുന്നതിന് മുൻപ് ഇന്ധനവില വർധിപ്പിക്കാൻ അനുകൂലമായ അവസാന അവസരമായി നവംബർ മാസത്തെയാണ് കേന്ദ്രസർക്കാർ കാണുന്നതെന്ന് ഒക്സ്ഫണ്ട് ഇക്കണോമിക്സിലെ ലീഡ് സാമ്പത്തിക ശാസ്ത്രജ്ഞനായ അലക്സാണ്ട്ര ഹെർമാൻ പ്രസാദിന്റെ നിരീക്ഷണങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിൽ ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡ് ഓയിൽ വില ബാരലിന് 109 ഡോളറിന് മുകളിലേക്ക് ഉയർന്നതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണം.
മേയ് മാസത്തിലുണ്ടായ ഇന്ധനവില വർധനവിന്റെ പകുതിയോളമെങ്കിലും നവംബറിൽ പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് രാജ്യത്ത് പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയരാൻ ഇടയാക്കിയേക്കും. അടുത്ത വർഷത്തിന്റെ ആരംഭത്തോടെ രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 6.5 ശതമാനമായി ഉയരാൻ സാധ്യത നിലനിൽക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ വർധിച്ചു വരുന്ന പണപ്പെരുപ്പം പിടിച്ചുനിർത്തുന്നതിനായി റിസർവ് ബാങ്ക് (RBI) വീണ്ടും പലിശ നിരക്കുകൾ ഉയർത്താൻ നിർബന്ധിതരായേക്കുമെന്നും റിപ്പോർട്ടിൽ പ്രത്യേകം സൂചിപ്പിക്കുന്നു.