ഇന്ത്യയിൽ ഭരണമാറ്റം ആവശ്യമാണെന്നും എന്നാൽ അത് ഭരണഘടനാപരമായ മാർഗങ്ങളിലൂടെയും തെരഞ്ഞെടുപ്പുകളിലൂടെയും മാത്രമേ നടപ്പിലാക്കുകയുള്ളൂവെന്നും പ്രശസ്ത നടൻ പ്രകാശ് രാജ് വ്യക്തമാക്കി. വരാനിരിക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് മുതൽ 2029 ലോക്സഭാ തിരഞ്ഞെടുപ്പ് വരെയുള്ള ജനാധിപത്യ പോരാട്ടങ്ങളിലൂടെയായിരിക്കും ഇതിനുള്ള ശ്രമങ്ങൾ നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും വോട്ടർ പട്ടിക പരിഷ്കരണത്തിലെ അപാകതകൾ ആരോപിച്ചും ഡൽഹിയിൽ നടക്കുന്ന വൻ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ നിർണായക പ്രതികരണം.
ബഹുജന പ്രക്ഷോഭങ്ങളിലൂടെ സർക്കാരുകൾ പുറത്തായ ബംഗ്ലാദേശിലെയും നേപ്പാളിലെയും സാഹചര്യങ്ങളുമായി ഇന്ത്യയെ താരതമ്യം ചെയ്യുന്നതിനെ പ്രകാശ് രാജ് പൂർണ്ണമായും തള്ളിപ്പറഞ്ഞു. ഇന്ത്യ നേപ്പാളോ ബംഗ്ലാദേശോ അല്ലെന്നും നമുക്ക് അംബേദ്കറും ഗാന്ധിയും ഭഗത് സിങ്ങുമടങ്ങുന്ന മഹത്തായ പാരമ്പര്യവും വ്യക്തമായ ഭരണഘടനയും വോട്ടവകാശവുമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രക്ഷോഭകരോട് സംസാരിക്കാൻ തയ്യാറാകാതെ കേന്ദ്ര സർക്കാർ ബലം പ്രയോഗിച്ച് ശബ്ദമടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, ഞങ്ങളുടെ കൈകളിൽ ആയുധങ്ങളില്ലെന്നും ഭരണഘടനയും പ്രതിഷേധിക്കാനുള്ള അവകാശവുമാണ് തങ്ങളുടെ പ്രധാന കരുത്തെന്നും കൂട്ടിച്ചേർത്തു.
അഭിജിത് ദിപ്കെയെ ഡൽഹിയിൽ നടത്താനിരുന്ന 'തിരംഗ മാർച്ചിന്' മുന്നോടിയായി പോലീസ് കസ്റ്റഡിയിലെടുത്ത നടപടിയെയും പ്രകാശ് രാജ് ശക്തമായി വിമർശിച്ചു. സംയുക്ത കിസാൻ മോർച്ച, വിവിധ കർഷക സംഘടനകൾ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ എന്നിവയുടെ പിന്തുണയോടെ വരും ദിവസങ്ങളിൽ കൂടുതൽ ആളുകളെ അണിനിരത്തി പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം. വിഷയം പാർലമെന്റിന്റെ വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ ശക്തമായി ഉന്നയിക്കാൻ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, രാജ്യതലസ്ഥാനത്ത് നടക്കുന്ന ഈ പ്രക്ഷോഭങ്ങളുടെ മറവിൽ കോൺഗ്രസും സഖ്യകക്ഷികളും ലക്ഷ്യമിടുന്നത് ബംഗ്ലാദേശ് മാതൃകയിലുള്ള ഭരണമാറ്റമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
ഇന്ത്യ നേപ്പാളോ ബംഗ്ലാദേശോ അല്ല; ഭരണമാറ്റം ജനാധിപത്യ മാർഗങ്ങളിലൂടെയെന്ന് നടൻ പ്രകാശ് രാജ്
ഇന്ത്യ നേപ്പാളോ ബംഗ്ലാദേശോ അല്ലെന്നും നമുക്ക് അംബേദ്കറും ഗാന്ധിയും ഭഗത് സിങ്ങുമടങ്ങുന്ന മഹത്തായ പാരമ്പര്യവും വ്യക്തമായ ഭരണഘടനയും വോട്ടവകാശവുമുണ്ടെന്നും