കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ച ധർമേന്ദ്ര പ്രധാന് പാർലമെന്റിൽ ബി.ജെ.പി എം.പിമാർ നൽകിയ സ്വീകരണത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടർന്നുള്ള സി.ജെ.പി പ്രതിഷേധങ്ങൾക്കൊടുവിലാണ് ധർമേന്ദ്ര പ്രധാന് രാജി വെക്കേണ്ടി വന്നത്. പൊതുപരീക്ഷാ ഭേദഗതി ബില്ലിന്മേൽ ചർച്ച നടക്കുന്നതിനിടെയാണ് കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, ഗൗരവ് ഗൊഗോയ്, രാഹുൽ ഗാന്ധി തുടങ്ങിയവർ സ്വീകരണത്തിനെതിരെ കടുത്ത അമർഷം രേഖപ്പെടുത്തിയത്.
പാകിസ്ഥാനെതിരെ യുദ്ധം ചെയ്ത് തിരികെ എത്തിയപോലെയാണ് ബി.ജെ.പി എം.പിമാർ ധർമേന്ദ്ര പ്രധാനെ സ്വീകരിച്ചതെന്ന് കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയ് പരിഹസിച്ചു. രാജി വെച്ച മന്ത്രിക്ക് ഇത്തരമൊരു സ്വീകരണം നൽകിയതിൽ നാണമില്ലേ എന്ന് പ്രിയങ്ക ഗാന്ധിയും ചോദിച്ചു. ഏത് സാഹചര്യത്തിലാണ് അദ്ദേഹം രാജിവെച്ചതെന്ന് രാജ്യം മുഴുവൻ കണ്ടതാണെന്നും എന്നാൽ ഒരു സൂപ്പർസ്റ്റാറിനെയെന്ന പോലെയാണ് ബി.ജെ.പി അദ്ദേഹത്തെ പാർലമെന്റിലേക്ക് ആനയിച്ചതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിന്റെ തകർച്ചയുടെയും അഴിമതിയുടെയും പ്രതീകമായാണ് ധർമേന്ദ്ര പ്രധാനെ രാജ്യം ഓർക്കുകയെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഈ തകർന്ന സംവിധാനം കാരണം 26 കുട്ടികളുടെ ജീവൻ നഷ്ടപ്പെടുകയും ലക്ഷക്കണക്കിന് യുവാക്കൾ തെരുവിലിറങ്ങേണ്ടി വരികയും ചെയ്തു. അതിന് കാരണക്കാരനായ വ്യക്തിയെ മാലയിട്ട് സ്വീകരിക്കുന്നത് ആദരവല്ല, മറിച്ച് കുട്ടികളുടെ ഭാവി തകർത്തതിന്റെ ആഘോഷമാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
രാജിവെച്ച ശേഷം പാർലമെന്റിൽ എത്തിയ ധർമേന്ദ്ര പ്രധാനെ ബി.ജെ.പി എം.പിമാർ പ്രത്യേക തൊപ്പിയും ഷാളും അണിയിച്ചാണ് സ്വീകരിച്ചത്. ഇതിനുപുറമെ "ധർമേന്ദ്ര പ്രധാൻ സിന്ദാബാദ്" എന്ന മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു പാർലമെന്റിലേക്ക് എം.പിമാർ അദ്ദേഹത്തെ ആനയിച്ചത്.