നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം. ശക്തമായ ബഹളത്തെത്തുടർന്ന് രാജ്യസഭാ നടപടികൾ ഉച്ചയ്ക്ക് രണ്ടു മണി വരെ നിർത്തിവെച്ചു. ലോക്‌സഭയിലും പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം തുടരുകയാണ്. നേരത്തെ പ്രതിപക്ഷ ബഹളം മൂലം ഇരുസഭകളും ഉച്ചയ്ക്ക് 12 മണിവരെ നിർത്തിവെച്ചിരുന്നു.
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെക്കുറിച്ചോ രാജ്യത്ത് നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെക്കുറിച്ചോ പ്രധാനമന്ത്രിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അദ്ദേഹം നേരിട്ട് പാർലമെന്റിലെത്തി പ്രസ്താവന നടത്തണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു. പാർലമെന്റിൽ വെച്ച് നടത്തുന്ന പ്രസ്താവനകൾക്ക് മാത്രമേ ആധികാരികതയുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അർദ്ധരാത്രികളിൽ മറ്റ് വേദികളിൽ സംസാരിക്കുന്നതിനേക്കാൾ പ്രധാനമന്ത്രി സഭയിലെത്തി വിഷയം വിശദീകരിക്കട്ടെ എന്ന് ഖർഗെ പറഞ്ഞു.
അതേസമയം, വിഷയം ഗൗരവത്തോടെ കാണുന്നുണ്ടെന്നും ചോദ്യപ്പേപ്പർ ചോർച്ച തടയുന്നതിനായി പ്രധാനമന്ത്രി ശക്തമായ നിയമനിർമ്മാണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു സഭയെ അറിയിച്ചു