നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാകുന്നതിനിടെ, സി.ജെ.പി (CJP) നേതാക്കളെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് കേന്ദ്ര സർക്കാർ. കേന്ദ്രമന്ത്രി ജെ.പി. നദ്ദയുടെ ഓഫീസിലോ വസതിയിലോ അല്ലെങ്കിൽ സമരക്കാർ നിർദ്ദേശിക്കുന്ന മറ്റേതെങ്കിലും സ്ഥലത്തോ ചർച്ചയാകാമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. ചർച്ചകളിലൂടെ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥിതിഗതികൾ ഗുരുതരമാകുന്ന പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായും ജിതേന്ദ്ര സിംഗും തമ്മിൽ കൂടിക്കാഴ്ച നടത്തി.
അതിനിടെ, ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചു. എൻ.ഡി.എം.സി ചെയർമാന്റെ നിർദ്ദേശപ്രകാരം കൊണാട്ട് പ്ലേസിലെ കെട്ടിടങ്ങൾ വൈകിട്ട് 6.30-ഓടെ അടയ്ക്കാൻ പോലീസ് ആവശ്യപ്പെട്ടു. സമരം 34 ദിവസങ്ങൾ പിന്നിടുമ്പോഴും രാവും പകലും വ്യത്യാസമില്ലാതെ പതിനായിരക്കണക്കിന് യുവാക്കളാണ് സമരവേദിയിലേക്ക് ഒഴുകിയെത്തുന്നത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിമാനമാർഗ്ഗം 30 കമ്പനി അധിക കേന്ദ്രസേനയെക്കൂടി ഡൽഹിയിലെത്തിച്ചു. ഇതിൽ CRPF, RAF, BSF, SSB, ITBP ജവാന്മാരുൾപ്പെടുന്നു. ഇതോടെ പ്രതിഷേധം നേരിടാൻ ആകെ 45 കമ്പനി സേനയെയാണ് ഡൽഹിയിൽ വിന്യസിച്ചിരിക്കുന്നത്.
പ്രതിഷേധത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഛത്രപൂർ സ്വദേശി സാക്ഷിയുടെ ആരോഗ്യനില ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണ്. ഇവരുടെ കുടുംബം പോലീസ് നിരീക്ഷണത്തിലാണ്. പെൺകുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. സംഘർഷവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് 20 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇന്നലെ രാത്രി നടന്ന ഏറ്റുമുട്ടലിൽ 5 പോലീസുകാർക്ക് പരിക്കേൽക്കുകയും ദ്രുതകർമ്മസേനാംഗത്തിന് വാളുകൊണ്ട് വെട്ടേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. പാർലമെന്റ് മാർച്ചിനിടെ പെട്രോൾ പമ്പിന് നേരെ നടന്ന ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മറുവശത്ത്, സമരത്തിന് പിന്നിൽ വിദേശഫണ്ടെത്തുന്നുണ്ടെന്നും രാജ്യത്തിനെതിരായ ഗൂഢാലോചനയാണെന്നും ആരോപിച്ച് എൻ.ഐ.എ (NIA) അന്വേഷണം ആവശ്യപ്പെട്ട് അഖിലഭാരത ഹിന്ദു മഹാസഭ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജി നാളെ ചീഫ് ജസ്റ്റിസ് പരിഗണിക്കും.