കാരക്കാസ്: വെനസ്വേലയില്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ അതിശക്തമായ രണ്ട് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു. ബുധനാഴ്ച വൈകുന്നേരമുണ്ടായ ഇരട്ട ഭൂചലനത്തെ തുടര്‍ന്ന് തലസ്ഥാന നഗരമായ കാരക്കാസില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിരവധി കെട്ടിടങ്ങള്‍ തകരുകയും നഗരത്തിലെ പ്രമുഖ പ്രദേശങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയിലാകുകയും ചെയ്തു. ഒരു നൂറ്റാണ്ടിനിടെ വെനിസ്വേലയിലുണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്നാണിത്.
യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കുകള്‍ പ്രകാരം ആദ്യ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തി. കരീബിയന്‍ തീരദേശ മേഖലയായ മൊറോണിന് പടിഞ്ഞാറ്, ഭൂമിക്കടിയില്‍ 13 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ, വെറും ഒരു മിനിറ്റിന്റെ വ്യത്യാസത്തില്‍ രാജ്യത്തെ ഞെട്ടിച്ച് 7.5 തീവ്രതയുള്ള രണ്ടാമത്തെ ശക്തമായ ഭൂചലനവും ഉണ്ടായി. രണ്ടാമത്തെ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മൊറോണിന് തെക്കുപടിഞ്ഞാറ് 16 കിലോമീറ്റര്‍ മാറിയായിരുന്നു.
ഭൂചലനത്തെ തുടര്‍ന്ന് കാരക്കാസിലെ വിമാനത്താവളമായ സിമോണ്‍ ബൊളിവര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കനത്ത നാശനഷ്ടമുണ്ടായി. വിമാനത്താവളത്തിനുള്ളില്‍ മേല്‍ക്കൂരയുടെ അവശിഷ്ടങ്ങള്‍ തകര്‍ന്നുവീണതിനെ തുടര്‍ന്ന് യാത്രാക്കാര്‍ പരിഭ്രാന്തരായി ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നഗരത്തിലെ ജനവാസ മേഖലകളായ അല്‍താമിറ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പല വീടുകളും കെട്ടിടങ്ങളും പൂര്‍ണ്ണമായും തകര്‍ന്നു. കെട്ടിടങ്ങളുടെ ചുവരുകള്‍ ഇടിഞ്ഞുവീണതോടെ വീട്ടുപകരണങ്ങള്‍ തെരുവില്‍ നിന്ന് കാണാവുന്ന അവസ്ഥയിലായി.
തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ വീടുകള്‍ക്ക് പുറത്തുതന്നെ തുടരണമെന്ന് വെനിസ്വേലന്‍ ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അടിയന്തര പ്രോട്ടോക്കോള്‍ നിലവില്‍ വരുത്തിയിട്ടുണ്ടെന്നും പരിക്കേറ്റവര്‍ക്കായി ആംബുലന്‍സുകള്‍ക്ക് വഴിമാറിക്കൊടുക്കാന്‍ വാഹനയാത്രക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കുട്ടികളുടെയും പ്രായമായവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ അദ്ദേഹം പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഭൂചലനത്തെ തുടര്‍ന്ന് വിര്‍ജിന്‍ ഐലന്‍ഡ്‌സ്, ഡൊമിനിക്കന്‍ റിപ്പബ്ലിക്, പ്യൂര്‍ട്ടോ റിക്കോ തുടങ്ങിയ കരീബിയന്‍ പ്രദേശങ്ങളില്‍ യു.എസ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം സുനാമി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നെങ്കിലും പിന്നീട് പ്യൂര്‍ട്ടോ റിക്കോയിലെ മുന്നറിയിപ്പ് പിന്‍വലിച്ചു. അപകടത്തില്‍പ്പെട്ടവരുടെയോ പരിക്കേറ്റവരുടെയോ കൃത്യമായ കണക്കുകള്‍ നിലവില്‍ ലഭ്യമായിട്ടില്ല.
വെനസ്വേലയില്‍ അതിശക്തമായ ഇരട്ട ഭൂചലനം; തലസ്ഥാനമായ കാരക്കാസില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു, വിമാനത്താവളത്തില്‍ നാശനഷ്ടം