മാസപ്പടി കേസില് അന്വേഷണം സംസ്ഥാന സര്ക്കാര് കൂടി നടത്തുന്നതോടെ കൂടുതല് പ്രതിസന്ധിയില് ആകുന്നത് സിപിഎമ്മും പിണറായി വിജയനും തന്നെയാണ്. അന്വേഷണം പിണറായി വിജയനിലേക്ക് നീളുമ്പോള് സിപിഎമ്മിന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറുകയാണ്. ഇ ഡി അന്വേഷണം പ്രഹസനമാണെന്നും യാതൊരു കഴമ്പുമില്ല എന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് സിപിഎം പുറത്തിറക്കിയ ലഘുലേഖയില് മുഹമ്മദ് റിയാസിനെ കുറിച്ചുള്ള മൗനവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അന്വേഷണത്തെ ഭയമില്ല എന്ന് പറയുമ്പോഴും ആ അന്വേഷണത്തെ ആദ്യഘട്ടത്തില് നേരിടാന് പോലും സിപിഎം തയ്യാറാകുന്നില്ല.
വിജിലന്സ് അന്വേഷണം പ്രഖ്യാപിക്കുമെന്ന് ചിന്തിച്ചിരുന്നപ്പോഴാണ് സിപിഎമ്മിന് കനത്ത പ്രഹരം ഏല്പ്പിച്ചു കൊണ്ട് പ്രത്യേക അന്വേഷണസംഘം മാസപ്പടി വിഷയവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണം നടത്തുമെന്ന് മന്ത്രി മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്. കേന്ദ്ര ഏജന്സികളുടെ അന്വേഷണത്തില് യാതൊരുവിധ ഭയവും ഇല്ല എന്ന് പറയുമ്പോള് പോലും പാര്ട്ടി സെക്രട്ടറി പ്രാഥമിക ഘട്ടത്തിലുള്ള അന്വേഷണത്തിന് മുന്നില് ഭയപ്പെടുന്ന കാഴ്ചയാണ് കാണാന് കഴിയുന്നത്. നിയമം നിയമത്തിന്റെ വഴിയെ പോകട്ടെ എന്ന പഴയ സിപിഎം ശൈലി ഇപ്പോള് പാര്ട്ടി സെക്രട്ടറിക്കും ഇല്ല. പിണറായി വിജയനിലേക്ക് അന്വേഷണം എത്തുന്നത് പാര്ട്ടിയെ തകര്ക്കാന് എന്ന മുടന്തന് ന്യായം തന്നെയാണ് ഇപ്പോഴും സിപിഎം പയറ്റുന്നത്.
കഴിഞ്ഞ 10 വര്ഷം പോലീസിനെ ഭരിച്ച പിണറായി വിജയന് തന്നെ സംസ്ഥാന സര്ക്കാറിന്റെ പോലീസ് അന്വേഷണം നേരിടേണ്ടി വരുമെന്ന ആശങ്കയാണ് ഇപ്പോഴുള്ളത്. മുഹമ്മദ് റിയാസ് ചോദ്യം ചെയ്യപ്പെടുമെന്നും അന്വേഷണപരിധിയില് ഉള്പ്പെടുമെന്നുമുള്ള തീര്ച്ച പാര്ട്ടിയില് ആദ്യം മുതല്ക്കേ ഉണ്ടായിരുന്നു. എന്നാല് അതൊരു വിജിലന്സ് അന്വേഷണത്തില് മാത്രം ഒതുങ്ങും എന്നാണ് എല്ലാവരും കരുതിയത്. അതുകൊണ്ടാണ് സിപിഎം ലഘുലേഖയില് പിണറായി വിജയനെയും വീണാ വിജയനേയും വെള്ളപൂശുമ്പോള് മുഹമ്മദ് റിയാസിനെ കുറിച്ച് ഒരക്ഷരം പോലും മിണ്ടാത്തത്. മകളും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ മരുമകനും കേസില് പ്രതിയാകുന്നതോടെ പിണറായി വിജയന് ഇരട്ട പ്രഹരമാണ് ലഭിക്കുന്നത്. അന്വേഷണത്തെ തെരുവില് രാഷ്ട്രീയമായും അല്ലാതെ നിയമപരമായും നേരിടുമെന്ന് പാര്ട്ടി സെക്രട്ടറി പറയുന്നത് അണികളോട് നടത്തുന്ന കലാപ ആഹ്വാനം കൂടിയാണ്. എന്തുതന്നെയായാലും പിണറായി വിജയനെതിരെ പാര്ട്ടിക്കുള്ളില് പടപ്പുറപ്പാട് തുടരുന്ന സാഹചര്യത്തില് അന്വേഷണം കൂടി വരുന്നതോടെ സിപിഎമ്മിന്റെ രാഷ്ട്രീയ ചിത്രം ആകെ മാറിമറിയും എന്നത് തീര്ച്ചയാണ്.
മാസപ്പടിയില് മാറുന്ന രാഷ്ട്രീയ ചിത്രം: അന്വേഷണത്തെ ഭയന്ന് സിപിഎം; കടുത്ത പ്രതിസന്ധിയില് പാര്ട്ടി