മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'സിജെപി' ആഹ്വാനം ചെയ്ത 'തിരംഗ യാത്ര' ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് കൺവീനർ അഭിജീത് ദീപ്കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹി കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ നിന്നായിരുന്നു മാർച്ച് നിശ്ചയിച്ചിരുന്നത്. നേരത്തെ ദീപ്കെയുടെ വസതിയിലെത്തിയ പൊലീസ്, തിരംഗ മാർച്ച് നടത്തരുതെന്ന് വ്യക്തമാക്കി നോട്ടീസ് നൽകിയിരുന്നു. എന്നാൽ പൊലീസ് വിലക്ക് മറികടന്നും പ്രവർത്തകർ മാർച്ചുമായി മുന്നോട്ട് പോകുകയാണ്.
പ്രതിഷേധത്തിന്റെ ഭാഗമായി മറ്റൊരു നേതാവായ നേഹ ബോറയെയും മണ്ഡി ഹൗസിന് സമീപത്തു വെച്ച് പൊലീസ് ബലം പ്രയോഗിച്ച് വണ്ടിയിൽ കയറ്റി കസ്റ്റഡിയിലെടുത്തു. മാർച്ച് തടയുന്നതിനായി കൊണാട്ട് പ്ലേസിൽ വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രദേശം പൂർണ്ണമായും സിസിടിവി നിരീക്ഷണത്തിലാക്കിയ പൊലീസ്, പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് മാറ്റുന്നതിനായി ബസുകളും സജ്ജീകരിച്ചിട്ടുണ്ട്.
പൊലീസിന്റെ കനത്ത സുരക്ഷയും തടസ്സങ്ങളും നിലനിൽക്കുമ്പോഴും ദേശീയപതാകയുമേന്തി പ്രവർത്തകർ പ്രകടനം തുടരുകയാണ്. പതാകയേന്തിയവരെ പിടിച്ച് മാറ്റാൻ പൊലീസ് ശ്രമിച്ചെങ്കിലും വിദ്യാർഥികളടക്കമുള്ള പ്രതിഷേധക്കാർ പിരിഞ്ഞുപോകാതെ മുന്നോട്ട് നീങ്ങി. കൂടുതൽ സൈന്യത്തെ സ്ഥലത്ത് വിന്യസിച്ച് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കാനാണ് ഡൽഹി പൊലീസിന്റെ നീക്കം.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക, വോട്ടർ പട്ടികയിലെ തീവ്രപരിഷ്കരണ നടപടികൾ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സിജെപി സമരം സംഘടിപ്പിച്ചത്. കൂടാതെ, ഇതേ ആവശ്യങ്ങളുന്നയിച്ച് ജന്തർമന്തറിൽ ദേശീയപതാകയേന്തി സമരം ചെയ്തതിനെ തുടർന്ന് മുൻപ് കസ്റ്റഡിയിലായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നീ നേതാക്കളുടെ മോചനവും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള 'ലെഹ്റാ ദോ തിരംഗ' : അഭിജീത് ദീപ്കെയും നേഹ ബോറയും പോലീസ് കസ്റ്റഡിയിൽ