ദുബായ്: മുന് മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണക്കായുള്ള, ഈ വര്ഷത്തെ സി.എച്ച്. രാഷ്ട്രസേവാ പുരസ്കാരത്തിന് കേരള ആഭ്യന്തര, വിജിലന്സ് വകുപ്പ് മന്ത്രിയും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായ, രമേശ് ചെന്നിത്തല അര്ഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്ഡ്. പൊതുരംഗത്തെയും പാര്ലമെന്ററി രംഗത്തെയും രമേശ് ചെന്നിത്തലയുടെ ദീര്ഘകാലത്തെ നിസ്വാര്ത്ഥ സേവനങ്ങളും സംഭാവനകളും മുന്നിര്ത്തിയാണ് അംഗീകാരം. ദുബായ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് അവാര്ഡ് ഏര്പ്പെടുത്തിയത്. ജൂറി ചെയര്മാന് പി എ സല്മാന് ഇബ്രാഹിം ദുബായില് വാര്ത്താസമ്മേളനത്തിലാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. പി.എ. സല്മാന് ഇബ്രാഹിം ജൂറി ചെയര്മാനും, പൊയില് അബ്ദുല്ല, എം.സി. വടകര, ടി.ടി. ഇസ്മായില്, സി.കെ. സുബൈര് എന്നിവരടങ്ങിയ ജൂറി അംഗങ്ങളാണ് അാര്ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. നവംബര് 14-ന് ഞായറാഴ്ച വൈകിട്ട് ആറിന്, ദുബായ് ഖിസൈസിലെ ഹാംപ്ടണ് ഹൈറ്റ്സ് ഇന്റര്നാഷണല് സ്കൂളില് നടക്കുന്ന സി.എച്ച്. ഇന്റര്നാഷണല് സമ്മിറ്റില് വെച്ച് പുരസ്കാരം സമ്മാനിക്കും.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്, മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല് സെക്രട്ടറിയും കേരളാ വ്യവസായ, ഐ.ടി., എ.ഐ. മന്ത്രിയുമായ പി.കെ. കുഞ്ഞാലികുട്ടി, പി.കെ. നവാസ് എം.എല്.എ തുടങ്ങിയ നേതാക്കളും അറബ് പ്രമുഖരും, ബിസിനസ്സ് പ്രമുഖരും, മുസ്ലിം ലീഗ്, കെ.എം.സി.സി, മറ്റു പ്രവാസി സംഘടനാ നേതാക്കളും ചടങ്ങില് പങ്കെടുക്കും.
സി.എച്ച്. മുഹമ്മദ് കോയ തന്റെ ജീവിതത്തിലൂടെ നല്കിയ സന്ദേശം പൊതുജനങ്ങളിലേക്കും പുതുതലമുറക്കും പരിചയപ്പെടുത്തുന്നതാണ് ഈ പരിപാടി. മുന് വര്ഷങ്ങളില് യഥാക്രമം എന്.കെ. പ്രേമചന്ദ്രന് എം.പി, സി.പി. ജോണ്, ഡോക്ടര് ശശി തരൂര് എം.പി, ഇ.ടി. മുഹമ്മദ് ബഷീര് എം.പി, കെ.സി. വേണുഗോപാല് എംപി , പ്രൊഫ. കെ.എം. ഖാദര് മൊയ്തീന് എന്നിവര്ക്കാണ് രാഷ്ട്ര സേവാ പുരസ്കാരങ്ങള് സമ്മാനിച്ചത്. വാര്ത്താസമ്മേളനത്തില് ദുബായ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കെ.പി. മുഹമ്മദ് , ജനറല് സെക്രട്ടറി സയ്യിദ് ജലീല് മഷ്ഹൂര് ട്രഷറര് ഹംസ കാവില് , വൈസ് പ്രസിഡന്റുമാരായ നജീബ് തച്ചമ്പൊയില്, ഇസ്മായില് ചെരുപ്പേരി, തെക്കയില് മുഹമ്മദ്, ടി.എന്. അഷ്റഫ്, മൊയ്തീന് കോയ ഹാജി, മൊയ്തു അരൂര്, മജീദ് കൂനഞ്ചേരി, മജീദ് കുയ്യോടി, ഹക്കീം മാങ്കാവ്, സെക്രട്ടറിമാരായ വി.കെ.കെ. റിയാസ്, മൂസ കൊയംബ്രം, ഷംസു മാത്തോട്ടം, സിദ്ദീഖ് യു.പി., ഷെരീജ് ചീക്കിലോട്, ഗഫൂര് പാലോളി, ജസീല് കായണ്ണ, സുഫൈദ് ഇരിങ്ങണ്ണൂര്, സിദ്ദീഖ് കെ.സി. എന്നിവര് സംബന്ധിച്ചു.
സി.എച്ച്. രാഷ്ട്രസേവാ പുരസ്കാരം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ; ദുബായില് നവംബര് 14 ന് അവാര്ഡ് സമ്മാനിക്കും