എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉണ്ടായ ജാതീയമായ അധിക്ഷേപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. രാജ്യത്തിന് മുഴുവൻ അറിയപ്പെടുന്ന ഒരു മുതിർന്ന നേതാവിന് നേരിടേണ്ടി വന്ന അവസ്ഥ ഇതാണെങ്കിൽ, സാധാരണക്കാരായ ദളിത് വിഭാഗങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഈ വിഷയത്തിൽ കോൺഗ്രസ് ശക്തമായ പ്രതിരോധം തീർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
11 തവണ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട, ഇന്ത്യയിലെ ഏറ്റവും സമുന്നതനായ പൊതുപ്രവർത്തകരിലൊരാളാണ് മല്ലികാർജുൻ ഖാർഗെയെന്ന് കെ.സി. വേണുഗോപാൽ ഓർമ്മിപ്പിച്ചു. ഖാർഗെയെ അപമാനിക്കുന്നതിലൂടെ കോൺഗ്രസിനെ മാത്രമല്ല, രാജ്യത്തെ മുഴുവൻ അധസ്ഥിത-പിന്നോക്ക ജനവിഭാഗങ്ങളെയുമാണ് അധിക്ഷേപിക്കുന്നത്. സമൂഹത്തിൽ ജാതീയതയുടെ വിഷവിത്തുകൾ പാകാനാണ് ബി.ജെ.പിയും സംഘപരിവാറും ശ്രമിക്കുന്നതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ശനിയാഴ്ച ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് നടന്ന 'വിജയ് ശംഖനാഥ്' റാലിയിൽ മല്ലികാർജുൻ ഖാർഗെ സംസാരിച്ചിരുന്നു. എന്നാൽ, ഖാർഗെ പ്രസംഗിച്ച് രണ്ടു ദിവസങ്ങൾക്ക് ശേഷം, ഓഗസ്റ്റ് 10-ന് തീവ്ര ഹിന്ദുത്വ സംഘടനയായ ശ്രീരാമസേനയുടെ നേതൃത്വത്തിൽ ഈ വേദിയിൽ 'ശുദ്ധീകരണ ഹവൻ' നടത്തുകയായിരുന്നു. ഈ സംഭവമാണ് രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിനും വിവാദത്തിനും വഴിവെച്ചത്.