മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫില് ടൂണീഷ്യയെ എതിരില്ലാത്ത നാല് ഗോളുകള്ക്ക് തകര്ത്ത് ജപ്പാന്. ആക്രമണ ഫുട്ബോള് പുറത്തെടുത്ത ജപ്പാനായി സ്ട്രൈക്കര് അയാസെ ഉയേഡ ഇരട്ട ഗോളുകള് നേടിയപ്പോള്, ഡെയ്ച്ചി കമാഡ, ജുന്യ ഇറ്റോ എന്നിവര് ശേഷിക്കുന്ന ഗോളുകള് സ്വന്തമാക്കി. ഈ വന് ജയത്തോടെ ജപ്പാന് ഗ്രൂപ്പില് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ടൂര്ണമെന്റില് ജപ്പാന്റെ ആദ്യ വിജയമാണിത്. ആദ്യ മത്സരത്തില് അവര് നെതര്ലന്ഡ്സുമായി 2-2 സമനിലയില് പിരിഞ്ഞിരുന്നു. ഇതോടെ രണ്ട് തോല്വികളുമായി ടുണീഷ്യ ലോകകപ്പില് നിന്ന് പുറത്തായി.
മത്സരത്തിന്റെ തുടക്കം മുതല് ഒടുക്കം വരെ കളം നിറഞ്ഞു കളിച്ച ജപ്പാന് നാലാം മിനിറ്റില്ത്തന്നെ ലീഡെടുത്തു. ഇടതു വിംഗില് നിന്ന് നകാമുറ ബോക്സിലേക്ക് നല്കിയ മികച്ചൊരു ക്രോസ് ഡെയ്ച്ചി കമാഡ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. തുടര്ന്നും ആക്രമണം അഴിച്ചുവിട്ട ജപ്പാന് 31-ാം മിനിറ്റില് ലീഡുയര്ത്തി. ബോക്സിന് തൊട്ടുപുറത്തുനിന്ന് ഫെയനൂര്ദ് സ്ട്രൈക്കര് ഉയേഡ തൊടുത്തുവിട്ട മനോഹരമായൊരു ഗ്രൗണ്ട് ഷോട്ട് പ്രതിരോധ താരത്തിന്റെ കാലുകള്ക്കിടയിലൂടെ തുളച്ചുകയറി വലയില് വിശ്രമിച്ചു. ഇതോടെ ആദ്യ പകുതിയില് ജപ്പാന് 2-0ത്തിന് മുന്നിലെത്തി.
തങ്ങളുടെ സിഗ്നേച്ചര് ശൈലിയായ പതുക്കെ കളിച്ച് പെട്ടെന്ന് ആക്രമിക്കുന്ന 'സ്ലോ ആന്ഡ് കൗണ്ടര്' തന്ത്രമാണ് രണ്ടാം പകുതിയില് ജപ്പാന് പുറത്തെടുത്തത്. 69-ാം മിനിറ്റില് പ്രതിരോധത്തില് നിന്ന് മധ്യനിരയിലേക്ക് വന്ന പന്ത് വണ്-ടച്ച് ഫ്ലിക്കിലൂടെ ഉയേഡ ജുന്യ ഇറ്റോയ്ക്ക് കൈമാറി. പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി ഇറ്റോ അത് ഗോളാക്കി മാറ്റി (3-0). മത്സരം അവസാനിക്കാന് മിനിറ്റുകള് ശേഷിക്കെ 83-ാം മിനിറ്റില് ജപ്പാന് നാലാം ഗോളും നേടി. ഇത്തവണയും ഉയര്ന്നുവന്ന ക്രോസ് അതിമനോഹരമായൊരു ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് ഉയേഡ തന്റെ ഇരട്ട ഗോള് തികച്ചു.
ആദ്യ മത്സരത്തില് 5-1ന് പരാജയപ്പെട്ടതിനെ തുടര്ന്ന് കോച്ചിനെ പുറത്താക്കി, ഖത്തര് ലോകകപ്പില് സൗദിയെ പരിശീലിപ്പിച്ച പ്രശസ്ത കോച്ച് ഹാര്വ് റെനാര്ഡിനെ ടുണീഷ്യ ചുമതലയേല്പ്പിച്ചിരുന്നെങ്കിലും ജപ്പാന്റെ ആക്രമണത്തിന് മുന്നില് അവര്ക്ക് മറുപടിയുണ്ടായിരുന്നില്ല. ഗ്രൂപ്പില് നിലവില് ഡച്ച് പടയ്ക്ക് പിന്നില് രണ്ടാമതുള്ള ജപ്പാന്റെ അവസാന ഗ്രൂപ്പ് മത്സരം സ്വീഡനെതിരെയാണ്.
ടുണീഷ്യയെ ഗോളില് ആറാടിച്ച് ജപ്പാന്; അയാസെ ഉയേഡയ്ക്ക് ഇരട്ട ഗോള്; ജപ്പാന് ഗ്രൂപ്പില് രണ്ടാമത്