ടെഹ്‌റാന്‍: ഇറാനിലെ ജനവാസ മേഖലകളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം ശക്തമാക്കിയതോടെ, യുഎസിന് കടുത്ത അന്ത്യശാസനവുമായി ഇറാന്‍. രണ്ടോ മൂന്നോ ദിവസത്തിനകം യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ സമ്പൂര്‍ണ്ണ നാശത്തിന്റെ പാത സ്വീകരിക്കുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് മുന്നറിയിപ്പ് നല്‍കി. നിശ്ചിത സമയത്തിനകം പിന്മാറിയില്ലെങ്കില്‍ ഇനി ചര്‍ച്ചകള്‍ക്കോ നിയന്ത്രിത തിരിച്ചടികള്‍ക്കോ സ്ഥാനമുണ്ടാകില്ലെന്നും, അതിരുകളില്ലാത്ത പ്രതിരോധത്തിലൂടെ അമേരിക്കയെ മേഖലയില്‍ നിന്ന് തുടച്ചുനീക്കുമെന്നും IRGC വ്യക്തമാക്കി. ഇതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് തായ്ലന്‍ഡ് കപ്പല്‍ ആക്രമിക്കുന്ന ദൃശ്യങ്ങളും ഇറാന്‍ പുറത്തുവിട്ടിട്ടുണ്ട്.
തങ്ങളുടെ ഊര്‍ജ്ജ-വൈദ്യുതി മേഖലകള്‍ക്ക് നേരെ അമേരിക്കന്‍ ആക്രമണമുണ്ടായാല്‍, ചെങ്കടലിലൂടെയുള്ള എണ്ണക്കപ്പല്‍ പാതകള്‍ പൂര്‍ണ്ണമായി തടയാന്‍ യെമനിലെ ഹൂത്തി വിമതര്‍ക്ക് ഇറാന്‍ നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, യൂറോപ്പില്‍ നിന്നുള്ള യുഎസ് പോര്‍വിമാനങ്ങള്‍ കൂട്ടത്തോടെ മിഡില്‍ ഈസ്റ്റിലേക്ക് വിന്യസിച്ചുകൊണ്ടിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്കില്‍ ഭീഷണി ഉയര്‍ത്തുന്ന ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യോമാക്രമണം ശക്തമാക്കി. ഇറാനിലെ രണ്ട് തന്ത്രപ്രധാന പാലങ്ങളും റെയില്‍വേ ജംഗ്ഷനുകളും യുഎസ് തകര്‍ത്തതായും, ഈ ആക്രമണങ്ങളില്‍ സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായും ഇറാന്‍ മാധ്യമങ്ങള്‍ ആരോപിക്കുന്നു.
ഹോര്‍മുസ് കടലിടുക്ക് ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ക്ക് പിന്നാലെ ജനവാസ മേഖലകളിലേക്കും യുഎസ് ആക്രമണം വ്യാപിപ്പിച്ചു. തുടര്‍ച്ചയായ ആറാം രാത്രിയിലും യുഎസ് സൈന്യം നടത്തിയ ശക്തമായ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎസിന് ഇറാന്റെ അന്ത്യശാസനം: രണ്ട് ദിവസത്തിനകം യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ സമ്പൂര്‍ണ്ണ നാശം