
ലഖ്നൗ സൂപ്പർ ജയന്റ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. അഞ്ചാം ഓവറിലെ അവസാന പന്തിൽ സിംഗിളിന് ശ്രമിച്ച കെകെആർ താരം ആംകൃഷ് രഘുവൻഷിയെ നോൺ സ്‌ട്രൈക്കർ എൻഡിലുണ്ടായിരുന്ന കാമറൂൺ ഗ്രീൻ തിരികെ അയച്ചു. ക്രീസിലേക്ക് ഡൈവ് ചെയ്ത് കയറാൻ ശ്രമിക്കുന്നതിനിടെ മുഹമ്മദ് ഷമിയുടെ ത്രോ രഘുവൻഷിയുടെ ദേഹത്ത് തട്ടി. ലഖ്നൗ താരങ്ങളുടെ അപ്പീലിനെത്തുടർന്ന് വീഡിയോ റീപ്ലേകൾ പരിശോധിച്ച തേർഡ് അംപയർ, താരം തന്റെ ഓട്ടത്തിന്റെ ദിശ മനഃപൂർവം മാറ്റിയതായും വിക്കറ്റിൽ പന്ത് കൊള്ളാതിരിക്കാൻ ബോധപൂർവം ശ്രമിച്ചതായും കണ്ടെത്തി. ഇതോടെ രഘുവൻഷിക്ക് ഔട്ടായി മടങ്ങേണ്ടി വന്നു.
എന്താണ് നിയമം 37?: ഒബ്‌സ്ട്രക്റ്റിംഗ് ദ ഫീൽഡ് (Obstructing the Field)
ക്രിക്കറ്റിലെ നിയമം 37 (Law 37) പ്രകാരമാണ് ഈ പുറത്താക്കൽ നടക്കുന്നത്. ഒരു ബാറ്റർ തന്റെ വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ഫീൽഡിംഗ് ചെയ്യുന്ന ടീമിനെ മനഃപൂർവം തടസ്സപ്പെടുത്തുകയോ അവരുടെ ശ്രദ്ധ തിരിക്കുകയോ ചെയ്യുമ്പോഴാണ് ഈ നിയമം ബാധകമാകുന്നത്. പ്രധാനമായും മൂന്ന് സാഹചര്യങ്ങളിലാണ് ഇത് സംഭവിക്കുക:
-
ഒരു റൺ ഔട്ട് ശ്രമം തടയാനായി മനഃപൂർവം പന്തിന് തടസ്സമായി നിൽക്കുകയോ ഓട്ടത്തിന്റെ ദിശ മാറ്റുകയോ ചെയ്യുക.
-
ഫീൽഡർ ഒരു ക്യാച്ച് എടുക്കുന്നത് തടയുക.
-
പന്ത് കളിയിലായിരിക്കുമ്പോൾ ഫീൽഡർമാരുടെ അനുവാദമില്ലാതെ കൈകൊണ്ടോ ബാറ്റ് കൊണ്ടോ പന്ത് മാറ്റുക.
രഘുവൻഷിയുടെ കാര്യത്തിൽ, റൺ ഔട്ട് ഒഴിവാക്കാൻ താരം ബോധപൂർവം പന്തിന് കുറുകെ ഓടി എന്നതാണ് അംപയർ ഔട്ട് നൽകാൻ കാരണമായത്. ഈ തീരുമാനം കൊൽക്കത്ത ടീമിനെ ചൊടിപ്പിക്കുകയും അവർ ഗ്രൗണ്ടിൽ വെച്ച് ഒഫീഷ്യലുകളുമായി തർക്കിക്കുകയും ചെയ്തിരുന്നു.