ന്യൂഡൽഹി: ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ മോശം ഫോമിലൂടെ കടന്നുപോകുന്ന ഇന്ത്യൻ ടീമിനെതിരെ മുൻ താരം ഹനുമ വിഹാരി രൂക്ഷ വിമർശനവുമായി രംഗത്ത്. ഇംഗ്ലണ്ടിനോടും അയർലൻഡിനോടും തുടർച്ചയായി പരമ്പരകൾ നഷ്ടമായ ഇന്ത്യൻ ടീമിന്റെ സെലക്ഷൻ രീതിയിലും പരിശീലകൻ ഗൗതം ഗംഭീറിന്റെ തീരുമാനങ്ങളിലും പിഴവുകളുണ്ടെന്നാണ് വിഹാരിയുടെ ആരോപണം.
ടീമിലെ ഓപ്പണിങ് സ്ഥാനത്ത് തുടർച്ചയായി മാറ്റങ്ങൾ വരുത്തിയത് വലിയ തിരിച്ചടിയായെന്ന് വിഹാരി ചൂണ്ടിക്കാട്ടി. സ്ഥിരതയുള്ള കോമ്പിനേഷൻ കണ്ടെത്തുന്നതിന് പകരം താരങ്ങളെ മാറിമാറി പരീക്ഷിക്കുന്ന രീതി ടീമിന്റെ പ്രകടനത്തെ ബാധിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സഞ്ജു സാംസണിന് തുടർച്ചയായി അവസരങ്ങൾ നൽകാതെ വൈഭവ് സൂര്യവംശിയെ പരീക്ഷിച്ചതിനെയും വിഹാരി വിമർശിച്ചു. ഒരു താരത്തെ വിലയിരുത്തുന്നതിന് മുമ്പ് കുറഞ്ഞത് അഞ്ച് മുതൽ ആറ് മത്സരങ്ങൾ വരെയെങ്കിലും അവസരം നൽകണമെന്നും, പെട്ടെന്ന് ടീമിൽ നിന്ന് ഒഴിവാക്കുന്നത് താരങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗൗതം ഗംഭീറിന് ചില താരങ്ങളോട് പ്രത്യേക താൽപര്യമുണ്ടെന്നും അവർക്ക് ടീമിൽ അധിക പരിഗണന ലഭിക്കുന്നുണ്ടെന്നും വിഹാരി ആരോപിച്ചു. ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ചില താരങ്ങൾ ഇപ്പോഴും ടീമിൽ തുടരുന്നതിനെക്കുറിച്ചും അദ്ദേഹം ചോദ്യമുയർത്തി.
ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർഎന്നിവരുടെ ടീമിലെ സ്ഥാനത്തെക്കുറിച്ചായിരുന്നു വിഹാരിയുടെ പ്രധാന വിമർശനം. ദുബെ ബൗളിങ്ങിൽ കാര്യമായ സംഭാവന നൽകുന്നില്ലെന്നും ബാറ്റിങ്ങിലും ഫീൽഡിങ്ങിലും മികച്ച ഫോമിലല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാഷിംഗ്ടൺ സുന്ദറിന്റെ സമീപകാല പ്രകടനങ്ങളും മികച്ചതല്ലെന്നായിരുന്നു വിഹാരിയുടെ വിലയിരുത്തൽ.