ന്യൂഡല്‍ഹി: പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ 'ഇ20' ഇന്ധന നയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പദ്ധതി ജനങ്ങളുടെ പണം തട്ടിയെടുക്കാനുള്ള മാര്‍ഗ്ഗമാണെന്നും, വാഹനങ്ങള്‍ തകരാറിലാക്കി സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എക്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. 'ഇ20 എന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. സാധാരണയായി 'എവിടെയോ എന്തോ തകരാറുണ്ട്' എന്നാണ് നമ്മള്‍ പറയാറുള്ളത്, എന്നാല്‍ ഈ വിഷയത്തില്‍ മൊത്തത്തില്‍ കുഴപ്പമാണ്. കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ പണം നേരിട്ട് കൊള്ളയടിക്കുകയാണ്. ഇത് ആളുകളുടെ കാറുകളും സ്‌കൂട്ടറുകളും തകര്‍ക്കുന്നു. വിഷയം വന്‍ പ്രക്ഷോഭമായി കോണ്‍ഗ്രസ് ഏറ്റെടുക്കും,' രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ച് മുതല്‍ രാജ്യത്തെ ഇന്ധന പമ്പുകളില്‍ പ്രായോഗികമായി ഇ20 പെട്രോള്‍ മാത്രമാണ് വിതരണം ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. എഥനോള്‍ കലര്‍ത്തല്‍ വഴി പെട്രോള്‍, ഡീസല്‍ വില ഗണ്യമായി കുറയുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മുന്‍പ് അവകാശപ്പെട്ടിരുന്നെങ്കിലും അതൊന്നും നടപ്പായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇ20 പെട്രോള്‍ ഉപയോഗിക്കുമ്പോള്‍ വാഹനങ്ങള്‍ക്ക് ലഭിക്കുന്ന കുറഞ്ഞ ഇന്ധനക്ഷമത (മൈലേജ്) കാരണം 2023 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവില്‍ മാത്രം രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് 88,234 കോടി രൂപയുടെ അധിക സാമ്പത്തിക ഭാരമുണ്ടായതായി അദ്ദേഹം ആരോപിച്ചു. ഇന്ധനക്ഷമത കുറയുമ്പോള്‍ വില കുറച്ച് നല്‍കാന്‍ കേന്ദ്രത്തിന് കഴിയുമായിരുന്നിട്ടും, സര്‍ക്കാര്‍ സാധാരണക്കാരെ ബുദ്ധിമുട്ടിച്ച് എഥനോള്‍ ഉല്‍പ്പാദകര്‍ക്ക് വന്‍ ലാഭമുണ്ടാക്കിക്കൊടുക്കുകയാണെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.
'E20 ഇന്ധന നയം ജനങ്ങളെ കൊള്ളയടിക്കാന്‍': കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി