ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ നിരാഹാര സമരം നടത്തിവന്ന പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുകിനെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി. സമരം ഇരുപതാം ദിവസത്തിലേക്ക് കടന്ന ശനിയാഴ്ച പുലര്‍ച്ചെയാണ് വന്‍ പോലീസ് സന്നാഹം സമരപ്പന്തലിലെത്തി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി (CJP) പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്കും മുദ്രാവാക്യം വിളികള്‍ക്കും ഇടയിലാണ് പോലീസ് നടപടി.
സോനം വാങ്ചുകിന്റെ ആരോഗ്യനില വഷളാകുന്നതുമായി ബന്ധപ്പെട്ട കേസ് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പോലീസിന്റെ അടിയന്തര ഇടപെടല്‍. ഏതൊരു പൗരന്റെയും ജീവന്‍ വിലപ്പെട്ടതാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി, വാങ്ചുകിന്റെ ആരോഗ്യം ദിവസേന പരിശോധിക്കാനും ആവശ്യമായ വൈദ്യസഹായം നല്‍കാനും രണ്ട് ദിവസം മുന്‍പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ ജീവന്‍ സംരക്ഷിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം സോനം വാങ്ചുകിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ആരോഗ്യനില മോശമായ പശ്ചാത്തലത്തിലും ഹൈക്കോടതി നിര്‍ദ്ദേശപ്രകാരവുമാണ് ഈ നടപടിയെന്ന് ജന്തര്‍ മന്തറില്‍ പോലീസ് അനൗണ്‍സ്‌മെന്റ് നടത്തിയിരുന്നു. 59-കാരനായ വാങ്ചുക് സമരത്തിനിടെ എട്ട് കിലോയിലധികം ഭാരം കുറഞ്ഞതായും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കള്‍ ജന്തര്‍ മന്തറിലെത്തി സോനം വാങ്ചുകിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര, സമാജ്വാദി പാര്‍ട്ടി എംപി ഡിംപിള്‍ യാദവ്, ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് നിരാഹാര സമരം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
അതേസമയം, പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്ന ജൂലൈ 20-ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനാണ് പ്രതിഷേധക്കാരുടെ തീരുമാനം. മാര്‍ച്ചില്‍ പങ്കുചേരാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളോട് സമരസമിതി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
സിജെപി സമരവേദിയില്‍ സംഘര്‍ഷം; സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി