ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിലും സി.ബി.എസ്.ഇ പുനർമൂല്യനിർണയത്തിലെ അപാകതകളിലും ഉത്തരവാദിത്തമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭം കൂടുതൽ ശക്തമാകുന്നു. ജന്തർ മന്തർ കേന്ദ്രീകരിച്ച് നടത്തുന്ന പാർലമെന്റ് മാർച്ചും സമരവും ഇന്നും തുടരുമെന്ന് സമരനേതാവ് അഭിജിത്ത് ദിപ്കെ അറിയിച്ചു.
വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിനമായ തിങ്കളാഴ്ച സി.ജെ.പി ആഹ്വാനം ചെയ്ത 'സൻസാദ് ചലോ' മാർച്ചിൽ ആയിരക്കണക്കിന് പ്രക്ഷോഭകരാണ് പങ്കെടുത്ത്. ബാരിക്കേഡുകൾ തകർത്ത് മുന്നേറിയ സമരക്കാർക്ക് നേരെ ഡൽഹി പൊലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. പ്രദേശത്ത് ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടു. സംഘർഷത്തിൽ പ്രക്ഷോഭകർക്കും പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. രാത്രി വൈകി പൊലീസ് സമരവേദി നീക്കം ചെയ്തെങ്കിലും, പ്രക്ഷോഭകർ തിരികെയെത്തി വീണ്ടും താൽക്കാലിക ടെന്റുകൾ നിർമ്മിച്ചു സമരം തുടരുകയാണ്.
ജൂൺ 20-ന് ആരംഭിച്ച സമരത്തിൽ ജൂൺ 28 മുതൽ നിരാഹാരമനുഷ്ഠിച്ച സോനം വാങ്ചുക്കിന്റെ ആരോഗ്യം മോശമായതിനെ തുടർന്ന് ജൂലൈ 18-ന് പൊലീസ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിലവിൽ ആശുപത്രിയിലും സമരം തുടരുന്ന വാങ്ചുക്കിന് പിന്തുണയുമായി അഭിജിത്ത് ദീപ്കെ സമരവേദിയിൽ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. അക്രമങ്ങൾക്ക് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കാൻ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു.