ബെംഗളൂരു: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും കുടുംബത്തിനുമെതിരെ പൊതുയോഗത്തില്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് ഉഡുപ്പിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ യശ്പാല്‍ സുവര്‍ണയ്ക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തു. ബാബറി മസ്ജിദ് തകര്‍ത്തതുപോലെ രാഹുല്‍ ഗാന്ധിയുടെ കുടുംബത്തെ നശിപ്പിക്കും എന്നായിരുന്നു യശ്പാലിന്‍റെ വധഭീഷണി.
രാഹുല്‍ ഗാന്ധി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതുകൊണ്ടാണ് നീറ്റ് വിഷയത്തില്‍ അദ്ദേഹം ആദ്യം പ്രതികരിക്കാത്തതെന്നും, ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷമാണ് വിഷയം ഉന്നയിച്ചതെന്നും യശ്പാല്‍ സുവര്‍ണ ആരോപിച്ചു. ഹിന്ദുവികാരം വ്രണപ്പെട്ടപ്പോള്‍ 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തതുപോലെ ഹിന്ദുക്കള്‍ക്കെതിരെ സംസാരിച്ചാല്‍ രാഹുല്‍ ഗാന്ധിയുടെ പരമ്പരയെ തന്നെ ഇല്ലാതാക്കാന്‍ അറിയാം എന്നായിരുന്നു എംഎല്‍എയുടെ മറ്റൊരു പരാമര്‍ശം. ഈ അവസരത്തില്‍ രാഹുല്‍ ഗാന്ധിക്കും അദ്ദേഹത്തിന്റെ മുഴുവന്‍ സംഘത്തിനും ഞാന്‍ മുന്നറിയിപ്പ് നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും യശ്പാല്‍ പറഞ്ഞു. ഒരു പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് വിവാദ നായകനായ എംഎല്‍എയുടെ ഈ പരാമര്‍ശം.
സമൂഹമാധ്യമങ്ങളില്‍ വൈറലായ ഈ പരാമര്‍ശങ്ങളില്‍ ബുധനാഴ്ച കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അശോക് കുമാര്‍ കൊടവൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. ഇന്ത്യയില്‍ ന്യൂനപക്ഷ അവകാശങ്ങളുടെ പേരില്‍ വലിയ ചര്‍ച്ചയായ ഹിജാബ് വിവാദത്തിലൂടെ കുപ്രസിദ്ധി നേടിയ എംഎല്‍എ ആണ് യശ്പാല്‍ സുവര്‍ണ. തന്റെ പ്രസംഗത്തിനിടെ സുവര്‍ണ നിരവധി തവണ വിവാദം സൃഷ്ടിച്ചിട്ടുണ്ട്.
ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളായ 57 (പൊതു കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കല്‍), 192 (കലാപത്തിന് പ്രകോപനം സൃഷ്ടിക്കല്‍), 196(1) (വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തല്‍), 352 (ഉദ്ദേശ്യത്തോടെയുള്ള അപമാനിക്കല്‍), 353(2) (പൊതുജനങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കല്‍), 351(2) (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരമാണ് ഉഡുപ്പി ടൗണ്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.