ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ വെടിവെച്ചു കൊല്ലണമെന്നും അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്ത സംഭവത്തിൽ ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസിനെതിരെ കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് കലാപാഹ്വാനം അടക്കമുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. യൂട്യൂബ് വീഡിയോയിലൂടെയായിരുന്നു മോഹൻദാസിന്റെ പ്രകോപനപരമായ പ്രതികരണം. പ്രക്ഷോഭകർ ക്രിമിനലുകളും അഴിഞ്ഞാടുന്നവരുമാണെന്നും, അവിടുന്ന് പൊലീസിനെ മാറ്റിയാൽ കൊലപാതകവും കൂട്ടബലാത്സംഗവും നടക്കുമെന്നും പറഞ്ഞ് കടുത്ത രീതിയിലുള്ള സ്ത്രീവിരുദ്ധ-വിദ്യാർത്ഥി വിരുദ്ധ അധിക്ഷേപങ്ങളാണ് അദ്ദേഹം നടത്തിയത്.
സമരക്കാരെ കൂട്ടമായി കൊലപ്പെടുത്തണമെന്ന രീതിയിലുള്ള വെളിപ്പെടുത്തലുകളും മറ്റൊരു വീഡിയോയിലൂടെ മോഹൻദാസ് നടത്തിയിരുന്നു. തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ ജന്തർ മന്തർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിച്ച് പ്രക്ഷോഭകർക്ക് നേരെ വെടിയുതിർക്കുമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. വെടിവെപ്പിൽ ആളുകൾ മരിക്കുകയും അംഗഭംഗം സംഭവിക്കുകയും ചെയ്യുമെന്നും, നാല് മണിക്കൂർ കൊണ്ട് സ്ഥിതി ശാന്തമാക്കി ശവങ്ങൾ മാറ്റാമെന്നും മോഹൻദാസ് വീഡിയോയിൽ അഭിപ്രായപ്പെട്ടു.
ടി.ജി മോഹൻദാസിന്റെ പ്രകോപനപരമായ വീഡിയോകൾ പുറത്തുവന്നതിന് പിന്നാലെ ആഭ്യന്തരമന്ത്രി അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. സൈബർ ഓപ്പറേഷൻസ് ഐ.ജി പി. പ്രകാശിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്മോൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ എസ്.എഫ്.ഐ (SFI), യൂത്ത് കോൺഗ്രസ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് എന്നീ സംഘടനകളും പരാതി നൽകിയിരുന്നു.