ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സിന്റെ മുഖ്യപരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ മുൻ നായകൻ എം.എസ്. ധോണിക്ക് ടീമിൽ പുതിയ ചുമതല ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന ഐപിഎൽ സീസണിൽ ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ മെന്ററായി എത്താനുള്ള സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
പരുക്കിനെ തുടർന്ന് 2026 ഐപിഎൽ സീസണിൽ ഒരു മത്സരം പോലും കളിക്കാൻ ധോണിക്കായിരുന്നില്ല. എന്നാൽ കളിക്കളത്തിൽ ഇറങ്ങിയില്ലെങ്കിലും ടീമിനൊപ്പം സജീവമായി തുടരുകയും താരങ്ങൾക്കും മാനേജ്മെന്റിനും പിന്തുണ നൽകുകയും ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, 2027 അല്ലെങ്കിൽ 2028 ഐപിഎൽ സീസണിൽ ധോണി ചെന്നൈ ടീമിന്റെ മെന്റർ സ്ഥാനത്ത് എത്തിയേക്കും. ടീമിന്റെ ക്രിക്കറ്റ് സംബന്ധമായ പ്രവർത്തനങ്ങളിൽ കൂടുതൽ നിയന്ത്രണവും ഉത്തരവാദിത്തവും ധോണിക്ക് നൽകാനാണ് ഫ്രാഞ്ചൈസി ആലോചിക്കുന്നതെന്നും സൂചനകളുണ്ട്.
അതേസമയം, ഇന്ത്യ–ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മത്സരം കാണാൻ ധോണി കഴിഞ്ഞ ദിവസം എഡ്ജ്ബാസ്റ്റണിൽ എത്തിയിരുന്നു. ഭാര്യ സാക്ഷി ധോണിക്കും മകൾ സിവയ്ക്കുമൊപ്പമാണ് ധോണി മത്സരം കാണാനെത്തിയത്. ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നതിനിടെ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിൽ ധോണിയെ കാണിച്ചപ്പോൾ ആരാധകർ ആവേശത്തോടെ സ്വീകരിച്ചു.
ഇതിന് മുമ്പ് ഇന്ത്യ–ഇംഗ്ലണ്ട് മൂന്നാം ട്വന്റി20 മത്സരവും ധോണി മുൻ ഇന്ത്യൻ താരം ദിനേഷ് കാർത്തിക്കിനൊപ്പം സ്റ്റേഡിയത്തിലെത്തി കണ്ടിരുന്നു. ക്രിക്കറ്റിൽ നിന്നുള്ള ഔദ്യോഗിക വിരമിക്കലിന് ശേഷവും ധോണിയോടുള്ള ആരാധകരുടെ ആവേശം ഒട്ടും കുറഞ്ഞിട്ടില്ല.