ഡൽഹി: രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ സിസ്റ്റത്തിൽ നിന്ന് വൻതോതിൽ സെൻസിറ്റീവ് വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഏകദേശം 1 ടെറാബൈറ്റ് (TB) ഡാറ്റയാണ് പുറത്തായതെന്നാണ് പ്രാഥമിക വിവരം.
ഉപഭോക്താക്കളുടെ ആധാർ വിവരങ്ങൾ, സേവിംഗ്സ്-കറന്റ് അക്കൗണ്ട് വിവരങ്ങൾ, വായ്പാ രേഖകൾ, നെറ്റ് ബാങ്കിംഗ് ഉപയോക്തൃ വിവരങ്ങൾ, എൻആർഐ, കോർപ്പറേറ്റ് ബാങ്കിംഗ് സേവനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ ചോർന്ന ഡാറ്റയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇതിന് പുറമെ ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റ് റിപ്പോർട്ടുകൾ, വിജിലൻസ് അന്വേഷണ രേഖകൾ, ബ്രാഞ്ച്-എടിഎം സംബന്ധമായ വിവരങ്ങൾ എന്നിവയും പുറത്തായതായാണ് വിവരം.
TripleX ഹാക്കിംഗ് ഗ്രൂപ്പിന് പങ്കെന്ന് സംശയം
TripleX എന്നറിയപ്പെടുന്ന ഹാക്കിംഗ് ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. നേരത്തെ ഇൻഡോനേഷ്യയിലെ ഒരു പ്രമുഖ ബാങ്കിനെതിരെയും സമാനമായ രീതിയിൽ ഈ സംഘം സൈബർ ആക്രമണം നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചോർന്നതായി പറയപ്പെടുന്ന ഡാറ്റ ഡാർക്ക് വെബിൽ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ടെന്ന് ഹാക്കർമാർ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഡാറ്റയുടെ യഥാർഥ വ്യാപ്തിയും ആധികാരികതയും സംബന്ധിച്ച് കൂടുതൽ പരിശോധനകൾ ആവശ്യമാണ്.
ആഭ്യന്തര അന്വേഷണം ആരംഭിച്ചു
സംഭവത്തെക്കുറിച്ച് ബാങ്ക് ഓഫ് ബറോഡ ആഭ്യന്തരമായി അന്വേഷണം ആരംഭിച്ചതായാണ് വിവരം. ഉപഭോക്തൃ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളും ബാങ്ക് പരിശോധിക്കുന്നുണ്ട്.അതേസമയം, ഡാറ്റ ചോർച്ച സംബന്ധിച്ച് ബാങ്ക് ഔദ്യോഗികമായി വിശദമായ പ്രതികരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ സ്വീകരിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.
ബാങ്ക് ഓഫ് ബറോഡയിൽ വൻ ഡാറ്റ ചോർച്ചയെന്ന് റിപ്പോർട്ട്; 1TB സെൻസിറ്റീവ് വിവരങ്ങൾ പുറത്തായതായി സൂചന