അയോധ്യ: അയോധ്യ രാമക്ഷേത്ര ട്രസ്റ്റില്‍ അടുത്തിടെ പുറത്തുവന്ന സംഭാവന തട്ടിപ്പ് വിവാദങ്ങള്‍ക്ക് പിന്നാലെ, 900 കിലോ വെള്ളി ഉയര്‍ന്ന തുക ചെലവഴിച്ച് ഹൈദരാബാദിലേക്ക് അയച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷണസംഘം പരിശോധിക്കുന്നു. ഭക്തരില്‍ നിന്ന് കാണിക്കയായി ലഭിച്ച വെള്ളിയുടെ ശുദ്ധി പരിശോധിക്കുന്നതിനും ഉരുക്കുന്നതിനുമായി 21 ലക്ഷം രൂപ ചെലവഴിച്ചെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
വിവിധ രൂപങ്ങളില്‍ ലഭിച്ച ആയിരം കിലോയോളം വെള്ളി, കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലുള്ള ഹൈദരാബാദിലെ 'സെക്യൂരിറ്റി പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിലേക്ക്' അയച്ചെന്നാണ് ട്രസ്റ്റിന്റെ വിശദീകരണം. അഴുക്കുകളും മറ്റ് അശുദ്ധികളും നീക്കം ചെയ്തപ്പോഴാണ് ഇതിന്റെ തൂക്കം 900 കിലോഗ്രാമായി കുറഞ്ഞതെന്നും പരിശോധനയില്‍ ഇതിന് 90 ശതമാനം ശുദ്ധി കണ്ടെത്തിയതായും ട്രസ്റ്റ് അവകാശപ്പെടുന്നു. എന്നാല്‍, ഈ പ്രക്രിയയ്ക്കായി ഇത്രയും വലിയ തുക ചെലവഴിച്ചതിന്റെ സത്യാവസ്ഥയാണ് പ്രത്യേക അന്വേഷണസംഘം (SIT) ഇപ്പോള്‍ പരിശോധിക്കുന്നത്. സമാനമായ രീതിയില്‍ സ്വര്‍ണ്ണവും ആഭരണങ്ങളും പരിശോധിച്ചിട്ടുണ്ടോ എന്നും എസ്.ഐ.ടി വിലയിരുത്തും.
അയോധ്യ രാമക്ഷേത്രത്തില്‍ നിന്ന് 21 ലക്ഷം ചെലവില്‍ 900 കിലോ വെള്ളി ഹൈദരാബാദിലേക്ക് കടത്തി; സംഭാവന തട്ടിപ്പില്‍ അന്വേഷണം മുറുകുന്നു