തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനാക്കി 'സീതാ രാമം' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ പാൻ ഇന്ത്യൻ ചിത്രം "ഫൗസി" (Fauji) റിലീസിന് ഒരുങ്ങുന്നു. ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുങ്ങുന്ന ചിത്രം 2026 ഡിസംബർ 3 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് പ്രഭാസിന്റെ ഒരു മാസ് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ടി സീരീസ് ഫിലിംസിന്റെ ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്.
ചരിത്ര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മാസ് ചിത്രം
"എ ബറ്റാലിയൻ ഹു ഫൈറ്റ്സ് എലോൺ" എന്ന ടാഗ്ലൈനോടെയെത്തുന്ന ഈ ചിത്രം ഇന്ത്യയുടെ മഹത്തായ ചരിത്രത്തിൽ മറഞ്ഞുപോയ ഒരു ധീര യോദ്ധാവിന്റെ കഥയാണ് പറയുന്നത്. 1940-കളുടെ പശ്ചാത്തലത്തിൽ കൊളോണിയൽ ഇന്ത്യയുടെ കാലഘട്ടത്തിൽ ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ 'ഓപ്പറേഷൻ Z' എന്ന സൈനിക നീക്കത്തിനും വലിയ പ്രാധാന്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. 1932 മുതൽ തേടപ്പെടുന്ന ഒരു 'മോസ്റ്റ് വാണ്ടഡ്' കഥാപാത്രമായാണ് പ്രഭാസ് ഈ ചിത്രത്തിൽ വേഷമിടുന്നതെന്നാണ് സൂചനകൾ. "ദ മാൻ, ദ മിഷൻ, ദ മിസ്റ്ററി" എന്ന വിശേഷണത്തോടെ കഴിഞ്ഞ ഒക്ടോബറിൽ പുറത്തുവന്ന ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു.
താരനിരയും സാങ്കേതിക അണിയറയും
ഇമാൻവി നായികയാകുന്ന ചിത്രത്തിൽ ബോളിവുഡ് താരം അനുപം ഖേർ, മിഥുൻ ചക്രവർത്തി, ജയപ്രദ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഉൾപ്പെടെ ആറു ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. സുദീപ് ചാറ്റർജി ഛായാഗ്രഹണവും വിശാൽ ചന്ദ്രശേഖർ സംഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കോട്ടഗിരി വെങ്കിടേശ്വര റാവുവാണ്. അനിൽ വിലാസ് ജാദവ് പ്രൊഡക്ഷൻ ഡിസൈനായും, പ്രേം രക്ഷിത് കൺസെപ്റ്റ് ഡിസൈനായും പ്രവർത്തിക്കുന്നു. കൃഷ്ണകാന്ത് വരികളെഴുതുന്ന ചിത്രത്തിന് ശീതൾ ഇഖ്ബാൽ ശർമയും ടി വിജയ് ഭാസ്കറും ചേർന്നാണ് വസ്ത്രാലങ്കാരം ഒരുക്കുന്നത്.
അന്താരാഷ്ട്ര നിലവാരത്തിൽ പോസ്റ്റ് പ്രൊഡക്ഷൻ
അന്താരാഷ്ട്ര സാങ്കേതിക നിലവാരത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ആർ സി കമല കണ്ണൻ വിഎഫ്എക്സ് (VFX) വിഭാഗവും, കെ ജയ് ഗണേഷ് സൗണ്ട് ഡിസൈനും, എ എം റഹ്മത്തുള്ള സൗണ്ട് മിക്സിങ്ങും കൈകാര്യം ചെയ്യുന്നു. അനിൽ-ഭാനു പബ്ലിസിറ്റി ഡിസൈൻ നിർവ്വഹിക്കുന്ന ചിത്രത്തിന്റെ മാർക്കറ്റിംഗ് ഫസ്റ്റ് ഷോയും, കേരളത്തിലെ പിആർഒ പ്രവർത്തനങ്ങൾ ശബരിയുമാണ് കൈകാര്യം ചെയ്യുന്നത്.