ന്യൂഡൽഹി കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്താനിരുന്ന 'ലെഹ്റാ ദോ തിരംഗ' മാർച്ചിൽ പങ്കെടുക്കാനെത്തിയ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടിയിൽ പങ്കെടുക്കാനിറങ്ങിയ അഭിജീതിനെ കസ്റ്റഡിയിലെടുത്തതോടെ പ്രദേശത്ത് കടുത്ത സംഘർഷാവസ്ഥ ഉടലെടുത്തു.
മാർച്ച് നടത്തുന്നതിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഡൽഹി പോലീസ് അഭിജീതിന് ഔദ്യോഗികമായി നോട്ടീസ് നൽകിയിരുന്നു. എന്നാൽ പോലീസിന്റെ വിലക്കും നിർദ്ദേശവും ലംഘിച്ച് മാർച്ചുമായി മുന്നോട്ട് പോയതിനാണ് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്.
നേതാവിനെ കസ്റ്റഡിയിലെടുത്തെങ്കിലും പാർട്ടി പ്രവർത്തകർ പ്രതിഷേധത്തിൽ നിന്ന് പിന്മാറിയിട്ടില്ല. കസ്റ്റഡി നടപടിയെത്തുടർന്ന് സിജെപി പ്രവർത്തകർ കൈകളിൽ ദേശീയപതാകകളേന്തി കൊണാട്ട് പ്ലേസിലേക്ക് കൂട്ടത്തോടെ മാർച്ച് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
ഡൽഹിയിൽ വൻ സംഘർഷം; 'ലെഹ്റാ ദോ തിരംഗ' മാർച്ചിൽ പങ്കെടുക്കാനെത്തിയ അഭിജീത് ദീപ്കെ കസ്റ്റഡിയിൽ