നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യമൊട്ടുക്കും അലയടിച്ച ശക്തമായ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് ശേഷം രാജ്യത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. ബിഹാറിലെ ബങ്കിപ്പൂർ, മധ്യപ്രദേശിലെ ദതിയ, ഗുജറാത്തിലെ മഞ്ചാൽപൂർ എന്നീ മണ്ഡലങ്ങളിലാണ് വിധിയെഴുപ്പ് നടക്കുന്നത്. വിദ്യാർത്ഥി രോഷം വലിയ ചർച്ചയായ പശ്ചാത്തലത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പായതിനാൽ, ഈ മൂന്ന് സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപിക്ക് ഫലം ഏറെ നിർണായകമാണ്. വോട്ടെണ്ണൽ ഓഗസ്റ്റ് മൂന്നിന് നടക്കും.
ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജി വെച്ച ഒഴിവിലാണ് ബങ്കിപ്പൂരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയുടെ ഉറച്ച കോട്ടയായ ഇവിടെ വിജയം നിലനിർത്താൻ യുവനേതാവ് നീരജ് കുമാർ സിൻഹയെയാണ് പാർട്ടി കളത്തിലിറക്കിയിരിക്കുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജൻ സുരാജ് പാർട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോർ ആദ്യമായി മത്സരരംഗത്തിറങ്ങിയതോടെ ബങ്കിപ്പൂർ ദേശീയ ശ്രദ്ധാകേന്ദ്രമായി മാറി. കഴിഞ്ഞ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ചലനമുണ്ടാക്കാൻ കഴിയാതെ പോയ ജൻ സുരാജിന് ഇത് അഭിമാന പോരാട്ടമാണ്. ആർജെഡിയുടെ രേഖ കുമാരി ഗുപ്ത ഉൾപ്പെടെ 26 സ്ഥാനാർത്ഥികൾ രംഗത്തുണ്ടെങ്കിലും പ്രധാന പോരാട്ടം നീരജ് കുമാർ സിൻഹയും പ്രശാന്ത് കിഷോറും തമ്മിലാണ്.
കോൺഗ്രസ് എംഎൽഎയായിരുന്ന രാജേന്ദ്ര ഭാരതിയെ അയോഗ്യനാക്കിയതിനെ തുടർന്നാണ് മധ്യപ്രദേശിലെ ദതിയയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുൻ എംഎൽഎ കുൻവാർ ഘൻശ്യാം സിങിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയപ്പോൾ, ബിജെപി കന്നിമത്സരത്തിനിറങ്ങുന്ന അഷുതോഷ് തിവാരിക്ക് സീറ്റ് നൽകി. എന്നാൽ, മുതിർന്ന നേതാവ് നരോത്തം മിശ്രയ്ക്ക് സീറ്റ് നിഷേധിച്ചതിനെ ചൊല്ലി പ്രാദേശിക ബിജെപിയിൽ കൂട്ടരാജി ഭീഷണിയടക്കം വലിയ പൊട്ടിത്തെറികളാണ് ഉണ്ടായത്. അതേസമയം, ബിജെപി എംഎൽഎ യോഗേഷ് പട്ടേലിന്റെ നിര്യാണത്തെ തുടർന്നാണ് ഗുജറാത്തിലെ വഡോദരയിലുള്ള മഞ്ചാൽപൂരിൽ തെരഞ്ഞെടുപ്പ് വരുന്നത്. ബിജെപി ശക്തികേന്ദ്രമായ മഞ്ചാൽപൂരിൽ സതീഷ് പട്ടേലും കോൺഗ്രസിനായി മുൻ മന്ത്രി ഭിഖാഭായ് റബാരിയും തമ്മിലാണ് മത്സരം.