1996-ൽ ശ്രീലങ്കയ്ക്ക് ലോകകപ്പ് നേടിത്തന്ന ഇതിഹാസ ക്യാപ്റ്റൻ അർജുന രണതുംഗയുടെ പുതിയ ലുക്ക് കണ്ട് അമ്പരപ്പിലാണ് ക്രിക്കറ്റ് ആരാധകർ. മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ ശശി തരൂർ കൊളംബോയിൽ വെച്ച് രണതുംഗയെ കണ്ടുമുട്ടിയ ചിത്രം എക്സിൽ (ട്വിറ്റർ) പങ്കുവെച്ചതോടെയാണ് ഈ മാറ്റം വാർത്തകളിൽ നിറഞ്ഞത്. ശരീരഭാരം ഗണ്യമായി കുറഞ്ഞ് അവിശ്വസനീയമായ രൂപത്തിൽ നിൽക്കുന്ന രണതുംഗയെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പോലും സാധിക്കുന്നില്ലെന്നാണ് ആരാധകരുടെ കമന്റുകൾ. ബരിയാട്രിക് സർജറിക്ക് ശേഷമാണ് രണതുംഗ ഈ രീതിയിൽ മെലിഞ്ഞ് സുന്ദരനായതെന്ന് ശശി തരൂർ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
എന്താണ് ബരിയാട്രിക് സർജറി?
അർജുന രണതുംഗയുടെ മാറ്റത്തോടെ ബരിയാട്രിക് സർജറിയെക്കുറിച്ചും അതിന്റെ ആരോഗ്യപരമായ വശങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾ വീണ്ടും സജീവമായിട്ടുണ്ട്. അമിതവണ്ണവും അതോടൊപ്പം ഉണ്ടാകുന്ന ഗുരുതര രോഗങ്ങളും പരിഹരിക്കുന്നതിനായി ദഹനവ്യവസ്ഥയിൽ നടത്തുന്ന ശസ്ത്രക്രിയകളെയാണ് പൊതുവേ ബരിയാട്രിക് സർജറി എന്ന് വിളിക്കുന്നത്. എന്നാൽ ഇത് വെറുമൊരു സൗന്ദര്യവർദ്ധക ചികിത്സയല്ലെന്ന് മുംബൈ മെറ്റാഹീൽ ക്ലിനിക്കിലെ സർജൻ ഡോ. അപർണ ഗോവിൽ ഭാസ്കർ വ്യക്തമാക്കുന്നു. വ്യക്തിയുടെ ജീവിതനിലവാരം ഉയർത്തുകയും രോഗങ്ങളിൽ നിന്ന് മുക്തി നൽകുകയുമാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം.
ശരീരഭാരം കുറയുന്നത് എങ്ങനെ?
ശസ്ത്രക്രിയ ചെയ്യുന്ന എല്ലാവരിലും രണതുംഗയുടേതുപോലെ ഒരേ രീതിയിൽ ശരീരഭാരം കുറയണമെന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു. ശസ്ത്രക്രിയയ്ക്ക് മുൻപുള്ള ശരീരഭാരം, ഏതുതരം ബരിയാട്രിക് പ്രൊസീജറാണ് അവലംബിക്കുന്നത് എന്നത്, രോഗിയുടെ പ്രായം, ദഹനപ്രക്രിയ എന്നിവയെല്ലാം ഈ മാറ്റത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. കൂടാതെ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള കൃത്യമായ ഭക്ഷണക്രമവും വ്യായാമവും തുടരേണ്ടതും അത്യന്താപേക്ഷിതമാണ്.
ബരിയാട്രിക് സർജറിയുടെ ആരോഗ്യപരമായ നേട്ടങ്ങൾ
ശരീരഭാരം കുറയ്ക്കുന്നതിന് പുറമെ അമിതവണ്ണം മൂലം ഉണ്ടാകുന്ന പ്രമേഹം (ടൈപ്പ് 2), ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗ സാധ്യതകൾ എന്നിവ നിയന്ത്രിക്കാൻ ഈ ചികിത്സ സഹായിക്കും. ഉറക്കത്തിനിടയിലെ ശ്വാസംമുട്ടൽ (Sleep Apnea) തടയുക, കരളിൽ കൊഴുപ്പടിയുന്നത് ഒഴിവാക്കുക, സന്ധിവേദന കുറയ്ക്കുക തുടങ്ങിയവയും ഇതിന്റെ നേട്ടങ്ങളാണ്. എന്നാൽ ഇത് വെറുമൊരു 'മെലിയാനുള്ള കുറുക്കുവഴിയായി' കാണരുതെന്നും, സോഷ്യൽ മീഡിയ ചിത്രങ്ങൾ കണ്ട് അനാവശ്യ പ്രതീക്ഷകൾ വെച്ചുപുലർത്തരുതെന്നും ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു.