കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി തമിഴ്നാട് ബി.ജെ.പി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ. ചോദ്യപ്പേപ്പറുകൾ തുടർച്ചയായി ചോരുന്നതാണ് വിദ്യാർത്ഥികളെ തെരുവിലിറങ്ങാൻ നിർബന്ധിതരാക്കിയതെന്നും, ഈ വീഴ്ചയ്ക്ക് ആരാണ് ഉത്തരവാദിയെന്നും അദ്ദേഹം എക്സിലെ (X) കുറിപ്പിലൂടെ ചോദിച്ചു. മുൻപ് നീറ്റ് പരീക്ഷയെ ശക്തമായി പിന്തുണച്ചിരുന്ന അണ്ണാമലൈ, ബി.ജെ.പി വിട്ടതിന് ശേഷമാണ് വിഷയത്തിൽ തികച്ചും വ്യത്യസ്തമായ നിലപാട് വ്യക്തമാക്കുന്നത്.
"മുൻ വർഷങ്ങളിൽ നീറ്റ് പരീക്ഷയെ വ്യക്തിപരമായി പിന്തുണച്ച ആളാണ് ഞാൻ. രാജ്യത്താകെ ഒരൊറ്റ പൊതുപരീക്ഷ നടത്തുന്നത് തുല്യത ഉറപ്പാക്കുമെന്നും, പിന്നാക്ക പശ്ചാത്തലത്തിൽ നിന്നുള്ള കുട്ടികൾക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുമെന്നുമുള്ള വിശ്വാസത്തിലായിരുന്നു അത്. എന്നാൽ കഴിഞ്ഞ 5 വർഷത്തിനിടെ 3 തവണയാണ് നീറ്റ് യു.ജി ചോദ്യപ്പേപ്പർ ചോർന്നത്. തുല്യത ഉറപ്പാക്കാൻ കൊണ്ടുവന്ന സംവിധാനം പരാജയപ്പെട്ടതുകൊണ്ട് മാത്രം വീണ്ടും പരീക്ഷ എഴുതേണ്ടി വരുന്ന വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം എത്രത്തോളമായിരിക്കുമെന്ന് ആലോചിച്ചു നോക്കൂ," എന്ന് അണ്ണാമലൈ കുറിച്ചു.
ഇത്ര വലിയ വീഴ്ച ഉണ്ടായിട്ടും ഉത്തരവാദപ്പെട്ടവർ ആരും ഇതിന്റെ ചുമതല ഏറ്റെടുക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. സ്വന്തം പ്രശ്നങ്ങൾ ഉറക്കെപ്പറയാനാണ് വിദ്യാർത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. സമരം ചെയ്യുന്ന വിദ്യാർത്ഥികളുമായി ചർച്ച നടത്താൻ ബി.ജെ.പി സർക്കാർ എന്തുകൊണ്ടാണ് ഇത്രയധികം വൈകുന്നത്? പ്രതിഷേധം ഇത്രത്തോളം ആളിക്കത്തുന്നതുവരെ അർത്ഥപൂർണ്ണമായ ഇടപെടൽ നടത്താതിരുന്നത് എന്തുകൊണ്ടാണ്? ഇനി എന്തിനു വേണ്ടിയാണ് സർക്കാർ കാത്തിരിക്കുന്നത് എന്നും അണ്ണാമലൈ കുറിപ്പിലൂടെ ചോദ്യങ്ങളുയർത്തി.