കൊച്ചി: കുടിശികയെ തുടർന്ന് ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചതിനാൽ നിർത്തിവെച്ചിരുന്ന റോഡ് ക്യാമറകളുടെ പ്രവർത്തനം വീണ്ടും ആരംഭിച്ചു. മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറകളിൽ നിന്നുള്ള ഗതാഗത നിയമ ലംഘന ദൃശ്യങ്ങൾ ഇന്നലെ മുതൽ കലക്ടറേറ്റിലെ ആർടിഒ കൺട്രോൾ റൂമിൽ എത്തിത്തുടങ്ങി.
ജില്ലയിലെ റോഡുകളിൽ സ്ഥാപിച്ചിരുന്ന ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ജൂൺ 29 മുതൽ കൺട്രോൾ റൂമിൽ ലഭിച്ചിരുന്നില്ല. ക്യാമറകളുടെ പരിപാലന ചുമതലയുള്ള കെൽട്രോൺ കുടിശിക അടയ്ക്കാത്തതിനെ തുടർന്ന് ജിയോ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചതാണ് കാരണം.
കെൽട്രോണിന് നൽകേണ്ട തുക സർക്കാർ നൽകേണ്ടതായിരുന്നെങ്കിലും, കുടിശിക തീർക്കുന്നതിനായി കെൽട്രോൺ തന്നെ ഫണ്ട് കണ്ടെത്തി പണം അടയ്ക്കുകയായിരുന്നു. ഇതോടെയാണ് ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കുകയും ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ വീണ്ടും ലഭിക്കുകയും ചെയ്തത്.
ഇന്റർനെറ്റ് വിച്ഛേദിച്ചിരുന്ന കാലയളവിൽ ക്യാമറകൾ ദൃശ്യങ്ങൾ പകർത്തുന്നത് തുടർന്നിരുന്നു. എന്നാൽ അവ കൺട്രോൾ റൂമിലേക്ക് കൈമാറാൻ സാധിച്ചിരുന്നില്ല. ഏകദേശം രണ്ടാഴ്ചയായി ശേഖരിച്ച് സൂക്ഷിച്ചിരുന്ന നിയമ ലംഘന ദൃശ്യങ്ങളാണ് ഇപ്പോൾ കൺട്രോൾ റൂമിലേക്ക് എത്തുന്നത്.
ജില്ലയിലെ വിവിധ റോഡുകളിലായി മോട്ടോർ വാഹന വകുപ്പ് ആകെ 63 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ 11 ക്യാമറകൾ പല ഘട്ടങ്ങളിലായി തകരാറിലായിരുന്നു. പ്രവർത്തനക്ഷമമായിരുന്ന 52 ക്യാമറകളാണ് ഗതാഗത നിയമ ലംഘനങ്ങൾ പകർത്തി കൺട്രോൾ റൂമിലേക്ക് അയയ്ക്കുന്നത്.
രണ്ടാഴ്ചയ്ക്കിടെ ഏകദേശം 20,000 നിയമ ലംഘന ദൃശ്യങ്ങളാണ് ക്യാമറകളിൽ ശേഖരിച്ചിരുന്നത്. ഇന്റർനെറ്റ് പുനഃസ്ഥാപിച്ചതോടെ ഈ ദൃശ്യങ്ങളെല്ലാം കൺട്രോൾ റൂമിൽ ലഭ്യമാകും.
കണക്കുകൾ പ്രകാരം, ഓരോ മാസവും 35,000 മുതൽ 40,000 വരെ നിയമ ലംഘന ദൃശ്യങ്ങളാണ് ക്യാമറകൾ വഴി ലഭിക്കുന്നത്. ക്യാമറകളിൽ നിന്നുള്ള നിയമ ലംഘനങ്ങളുടെ അടിസ്ഥാനത്തിൽ വാഹനങ്ങൾക്ക് ഇതുവരെ 80.50 കോടി രൂപയുടെ പിഴ ചുമത്തിയിട്ടുണ്ട്. ഇതിൽ ഏകദേശം 30 കോടി രൂപ പിരിച്ചെടുത്തിട്ടുണ്ട്.
കെൽട്രോണിലെ 10 ജീവനക്കാരാണ് നിലവിൽ ആർടിഒ കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.