മഹേഷന്റെ മരണം: 'സത്യം പുറത്തുവരണം'; അന്വേഷണ ആവശ്യത്തില്‍ വെള്ളാപ്പള്ളി പരിഭ്രാന്തനെന്ന് വി.എം. സുധീരന്
മഹേഷന്റെ മരണവുമായി ബന്ധപ്പെട്ട് ശക്തമായ അന്വേഷണം വേണമെന്ന ആവശ്യം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരിഭ്രാന്തനാക്കിയിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. വെള്ളാപ്പള്ളിയുടെ സമീപകാല പദപ്രയോഗങ്ങളും പ്രതികരണങ്ങളുടെ ഉള്ളടക്കവും മഹത്തായ എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറി പദവിയിൽ ഇരിക്കുന്ന ഒരു വ്യക്തിക്ക് ഒട്ടും അനുയോജ്യമല്ലെന്നും സുധീരൻ കുറ്റപ്പെടുത്തി. വെള്ളാപ്പള്ളി നടേശനുമായി വ്യക്തിപരമായി തനിക്ക് യാതൊരുവിധ വിരോധവുമില്ല. എന്നാൽ, അദ്ദേഹം എസ്എൻഡിപി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റതു മുതൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളോടും നിലപാടുകളോടും തനിക്ക് ശക്തമായ വിയോജിപ്പുണ്ടെന്നും സുധീരൻ വ്യക്തമാക്കി.
മഹേഷന്റെ മരണത്തിന് പിന്നിലെ യഥാർത്ഥ സത്യങ്ങൾ പുറത്തുകൊണ്ടുവരാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സുധീരൻ ആവശ്യപ്പെട്ടു. കേസ് അട്ടിമറിക്കപ്പെടാതിരിക്കാൻ സത്യസന്ധരും കാര്യശേഷിയുള്ളവരുമായ ഉദ്യോഗസ്ഥരെ അന്വേഷണ ചുമതല ഏൽപ്പിക്കണം. നിലവിലെ അന്വേഷണ സംവിധാനങ്ങൾക്ക് പുറമെ, ഈ കേസിന്റെ നിഷ്പക്ഷമായ അന്വേഷണത്തിനായി ഒരു പ്രത്യേക അന്വേഷണ സംഘംരൂപീകരിക്കണമെന്നും വി.എം. സുധീരൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
2020 ജൂൺ 24-നാണ് കണിച്ചുകുളങ്ങരയിലെ എസ്എൻഡിപി ഓഫീസിനുള്ളിൽ മഹേശനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് 32 പേജുകളുള്ള വിശദമായ ആത്മഹത്യാക്കുറിപ്പും കത്തും പോലീസ് കണ്ടെടുത്തിരുന്നു. ഈ കുറിപ്പുകളിലും കത്തിലും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, മാനേജർ കെ.എൽ. അശോകൻ എന്നിവർക്കെതിരെ ഗുരുതരമായ പരാമർശങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഈ തെളിവുകൾ ഉണ്ടായിരുന്നിട്ടും പ്രാരംഭ ഘട്ടത്തിൽ കേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല.
തുടർന്ന് നീതിക്കായി ആലപ്പുഴ കോടതിയിലും ഹൈക്കോടതിയിലും നീണ്ട നിയമപോരാട്ടങ്ങൾ നടത്തേണ്ടി വന്നു. ഈ നിയമനടപടികൾക്കൊടുവിലാണ് 2022 അവസാനത്തോടെ പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായത്. കേസിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയാണ് ഒന്നാം പ്രതിയാക്കിയിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.