Logo
Sun, Jul 05, 2026 • 10:41 AM
LIVE TV
Watch

No business videos available

No Middle East videos available

'അതെന്റേ ഹൃദയമായിരുന്നു...' അക്ഷരങ്ങളുടെ സുല്‍ത്താന്‍... വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 32 വയസ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 05, 2026
1 min read
SHARE:
SAVE: Login to save

'അതെന്റേ ഹൃദയമായിരുന്നു...' അക്ഷരങ്ങളുടെ സുല്‍ത്താന്‍... വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 32 വയസ്

പ്രേമലേഖനം - "പ്രിയപ്പെട്ട സാറാമ്മേ, ജീവിതം യൗവനതീഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അപൂർവ്വ കാലഘട്ടത്തെ എന്റെ പ്രിയസുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു?" 

മലയാള സാഹിത്യത്തെ ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ത്തിയ അതുല്യ പ്രതിഭയാണ് അക്ഷരങ്ങളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍. സുല്‍ത്താന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ മലയാളി വീണ്ടും പ്രണാമം അര്‍പ്പിക്കുമ്പോള്‍, അദ്ദേഹത്തിന്റെ ജീവിതവും രചനകളും ഇന്നും വിസ്മയമായി തുടരുന്നു.

താന്‍ എഴുത്തുകാരനായതിനെക്കുറിച്ചും പേരിന് പിന്നിലെ രഹസ്യത്തെക്കുറിച്ചും ബഷീര്‍ തന്നെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തലയോലപ്പറമ്പില്‍ ജനിച്ച ബഷീര്‍, സര്‍ സി.പിക്കെതിരെയുള്ള സമരകാലത്ത് ഭരണകൂടത്തെ വിമര്‍ശിച്ച് ലേഖനങ്ങളും നാടകങ്ങളും എഴുതിയിരുന്നു. ഇതോടെ പോലീസ് ബഷീറിനെ തിരയാന്‍ തുടങ്ങി. എന്നാല്‍ പോലീസിന്റെ സംശയം പറവൂര്‍ സ്വദേശിയായ മറ്റൊരു മുഹമ്മദ് ബഷീറിലായിരുന്നു.ആ സാധു മനുഷ്യനെ പോലീസില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ പേരിനൊപ്പം താലൂക്കിന്റെ പേര് ചേര്‍ത്ത് 'വൈക്കം മുഹമ്മദ് ബഷീര്‍' എന്നാക്കിയതെന്ന് അദ്ദേഹം ഓര്‍മ്മിച്ചിട്ടുണ്ട്. തലയോലപ്പറമ്പ് എന്ന് ചേര്‍ത്താല്‍ പേരിന് നീളം കൂടുമെന്നതിനാലാണ് വൈക്കം എന്ന് ചേര്‍ത്തത്. ജീവിതത്തെയും പ്രതിസന്ധികളെയും എങ്ങനെയൊരു തമാശയായി ബഷീര്‍ കണ്ടു എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്.

പ്രാമാണിക വ്യാകരണങ്ങളുടെ ചട്ടക്കൂടുകള്‍ തകര്‍ത്തെറിഞ്ഞ്, സാധാരണക്കാരന്റെ ഭാഷയിലാണ് ബഷീര്‍ അക്ഷരവിസ്മയം തീര്‍ത്തത്. 'ഞങ്ങളില്‍ പലരും കഥ എഴുതാന്‍ പാടുപെടുമ്പോള്‍, ബഷീര്‍ അനായാസമായി കഥ പറയുന്നു' എന്നാണ് പ്രിയ സുഹൃത്തും ജ്ഞാനപീഠം ജേതാവുമായ എം.ടി. വാസുദേവന്‍ നായര്‍ ബഷീറിന്റെ രചനാശൈലിയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.

ബഷീര്‍ ഒരേ സമയം കവിയും, കഥാകാരനും, ഋഷിയും, സൂഫിയും, സന്ന്യാസിയുമാണ്. താന്‍ വിശ്വസിക്കുന്ന പ്രമാണങ്ങളെ മാത്രം ജീവിതാനുഷ്ഠനമാക്കിയ ആ യോഗിയുടെ തൂലികയില്‍ നിന്ന് ഉതിര്‍ന്നു വീണ ഓരോ കഥാപാത്രങ്ങളിലും ഉള്‍കൊണ്ടിരുന്ന നിഷ്‌കളങ്കതയും, ഹൃദയ നൈര്‍മല്യവും, നിര്‍ഭയത്വവും കഥാകാരന്റെ തന്നെ വ്യക്തിത്വ വൈഷ്ട്യവുമായി താദാത്മ്യം പ്രാപിക്കുന്നതും അത് കൊണ്ടായിരിക്കാം. ജീവിതത്തിന്റെ ഏതു ദുര്‍ഘട ഘട്ടത്തിലും കൈവെടിയാത്ത സ്‌നേഹമെന്ന മധുരഭാവം ആ വ്യക്തിത്വത്തിന്റെ സവിശേഷതയായിരുന്നു. അത് തന്നെയാണ് ബഷീര്‍ കൃതികളിലൂടനീളം തെളിഞ്ഞുനില്ക്കുന്ന സ്‌നേഹമെന്ന ശക്തമായ അന്തര്‍ദ്ധാരക്ക് നിദാനവും.

ഇന്ത്യ മുഴുവന്‍ ചുറ്റിക്കറങ്ങി ഒടുവില്‍ ഒരു പേനയുമായി നാട്ടില്‍ തിരിച്ചെത്തിയ ബഷീര്‍ എഴുത്തുകാരനായതിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: 'രാഷ്ട്രീയക്കാരനായിരുന്നെങ്കില്‍ കുറഞ്ഞത് മുഖ്യമന്ത്രിയോ, പട്ടാളത്തില്‍ ചേര്‍ന്നിരുന്നെങ്കില്‍ കമാന്‍ഡര്‍ ഇന്‍ ചീഫോ ആയേനെ. എന്നാല്‍ അതിനൊക്കെ നല്ല അടുക്കും ചിട്ടയും വേണം. വെയിലുകൊള്ളാനും ഒച്ചയെടുക്കാനും വയ്യ. കുഴിമടിയന്മാരായ ബഡുക്കൂസുകള്‍ക്ക് പറ്റിയ പണിയെപ്പറ്റി ആലോചിച്ചപ്പോള്‍ കിട്ടിയതാണ് സാഹിത്യം. വല്യ ബുദ്ധിയോ ഭാവനയോ ഒന്നും വേണ്ട, അനുഭവങ്ങള്‍ ഇച്ചിരിപ്പിടിയോളമുണ്ടല്ലോ, അവനെയൊക്കെ കാച്ചിയാല്‍ മതിയെന്ന് കരുതി എഴുതി, അങ്ങനെ ഞാന്‍ എഴുത്തുകാരനായി.'

കാല്‍പനികതയുടെയും സങ്കല്‍പങ്ങളുടെയും ആലങ്കാരികത ഊരിയെറിഞ്ഞു, സാധാരണക്കാരന്റെ ജീവിതത്തോട് തൊട്ടു നില്‍ക്കുന്ന കഥകള്‍ അതി ലളിതമായ ഭാഷയില്‍ പറയാന്‍ കഴിഞ്ഞു എന്നതാണ് ബഷീറിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥനാക്കുന്നത്. എഴുത്തും ജീവിതവും വേര്‍തിരിചെടുക്കനാവാത്ത വിധം സമ്മേളിച്ച ആ രചനാ ശൈലി മലയാളത്തിന്റെ പ്രിയപ്പെട്ട സുല്‍ത്താന് മാത്രം സ്വന്തം. യാത്രക്കിടെ എങ്ങോ വഴി പിരിഞ്ഞു പോയൊരു സഹയാത്രികനെ പോല, ഒരു അയല്‍ക്കാരനെ പോലെ , മറ്റു ചിലപ്പോള്‍ നമ്മള്‍ തന്നെയായി മനസ്സില്‍ ചിരപ്രതിഷ്ഠ നേടുന്ന വരാണ് അദേഹത്തിന്റെ ഓരോ കഥാപാത്രവും.

ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, മതിലുകള്‍, പ്രേമലേഖനം, ന്റൂപ്പാപ്പായ്‌ക്കൊരാനയുണ്ടാര്‍ന്നു, ശബ്ദങ്ങള്‍, വിഡ്ഢികളുടെ സ്വര്‍ഗ്ഗം, മുച്ചീട്ടുകളിക്കാരന്റെ മകള്‍, വിശ്വവിഖ്യാതമായ മൂക്ക്, ഭൂമിയുടെ അവകാശികള്‍ തുടങ്ങി മലയാളികള്‍ നെഞ്ചേറ്റിയ നിരവധി അനശ്വര കൃതികള്‍ ആ തൂലികയില്‍ നിന്ന് പിറന്നു.

മതജാതിഭാഷഭേദങ്ങള്‍ക്കപ്പുറത്ത് മാനവികതയുടെ മൂല്യങ്ങളെ സ്വന്തസിദ്ധമായ ശൈലിയിലൂടെ മാനവഹൃദയങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞ എഴുത്തുകാരില്‍ പരമ പ്രധാനിയായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. അതു കൊണ്ട് തന്നെയാണ് ആ മഹാപ്രതിഭ കാലഘട്ടത്തിന്റെ പുണ്യമായി തീര്‍ന്നതും. ഹാസ്യത്തിന്റെ അകമ്പടിയോടെ നീറുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ വരച്ചുകാട്ടിയ ബഷീര്‍ ഒരേസമയം കവിയും, കഥാകാരനും, സൂഫിയുമായിരുന്നു. മലയാളവും മലയാളിയും ഉള്ള കാലത്തോളം ബഷീറിയന്‍ ഓര്‍മ്മകള്‍ക്ക് മരണമില്ല.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10