'തുടക്കം' റിലീസിന് മണിക്കൂറുകൾ മാത്രം; വിസ്മയ മോഹൻലാലിന് ഹൃദയം നിറഞ്ഞ ആശംസകളുമായി മമ്മൂട്ടി
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രമായ 'തുടക്കം' റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, ആശംസകളുമായി നടൻ മമ്മൂട്ടി. ചിത്രത്തിന്റെ പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടി വിസ്മയയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നത്.
"തുടക്കത്തിലൂടെ നാളെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന പ്രിയ വിസ്മയ മോഹൻലാലിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകളും അനുഗ്രഹങ്ങളും," എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ വലിയ പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിച്ചത്. വെറും 14 മിനിറ്റിനുള്ളിൽ തന്നെ 4,000-ത്തിലധികം ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചത്.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' നാളെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. യു/എ 16 പ്ലസ് സർട്ടിഫിക്കറ്റ് നേടിയ ചിത്രത്തിന് 139.35 മിനിറ്റാണ് ദൈർഘ്യം.
വിസ്മയ മോഹൻലാലിനൊപ്പം ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുവെന്നതും സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
കഴിഞ്ഞ നവംബർ 17ന് കുട്ടിക്കാനത്താണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ച് കഴിഞ്ഞ ഒക്ടോബർ 30ന് കൊച്ചിയിൽ നടന്നിരുന്നു. ലോഞ്ചിംഗ് ചടങ്ങിൽ 'ഒരു കൊച്ചു കുടുംബചിത്രം' എന്നാണ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ചിത്രത്തെ വിശേഷിപ്പിച്ചത്. എന്നാൽ ചിത്രത്തിൽ അതിലപ്പുറമുള്ള സർപ്രൈസുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.
'2018' എന്ന മെഗാഹിറ്റിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും 'തുടക്കം' സിനിമാപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷ സൃഷ്ടിച്ചിട്ടുണ്ട്. 'എമ്പുരാൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആശിഷ് ജോ ആന്റണി ഈ ചിത്രത്തിലൂടെ പ്രധാന കഥാപാത്രമായി മുഖ്യധാരാ സിനിമയിൽ കൂടുതൽ സജീവമാകുകയാണ്.
ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.