മുട്ടം തുടങ്ങനാട് വാർഡിലേക്കുള്ള വാശിയേറിയ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി എൽസമ്മ ടോം 178 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു തുടങ്ങനാട്. ഇവിടെ 68.25 ശതമാനം പോളിങ് ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർഥികൾ ഏറെ പ്രതീക്ഷയോടെയായിരുന്നു മത്സരരംഗത്തിറങ്ങിയിരുന്നത്. യുഡിഎഫ് സ്ഥാനാർഥിയായി എൽസമ്മ ടോം എടാട്ടും, എൽഡിഎഫ് സ്ഥാനാർഥിയായി വി.എസ്. സിന്ധു തുരുത്തിക്കാട്ടുകുടിയിലും, ബിജെപി സ്ഥാനാർഥിയായി എൻ.എസ്. രമ്യയുമാണ് ഇക്കുറി ജനവിധി തേടിയത്.
തീപാറുന്ന പ്രചാരണമാണ് മണ്ഡലത്തിൽ ഉടനീളം നടന്നത്. വീടുകൾ തോറുമുള്ള ഗൃഹസന്ദർശനങ്ങൾക്കൊപ്പം കൺവൻഷനുകളും കുടുംബയോഗങ്ങളും സംഘടിപ്പിച്ചാണ് മുന്നണികൾ വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ തേടിയത്. കാലങ്ങളായി ഈ വാർഡിനെ പ്രതിനിധീകരിച്ചിരുന്ന പഞ്ചായത്തംഗം കുട്ടിയമ്മ മൈക്കിളിന്റെ വിയോഗത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇടത്– വലത് മുന്നണികളുടെ സ്ഥാനാർഥിയായും സ്വതന്ത്രയായും മുൻപ് കുട്ടിയമ്മ മൈക്കിൾ ഈ വാർഡിൽ നിന്ന് വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കുട്ടിയമ്മ മൈക്കിളിനെതിരെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചത് എൽസമ്മ ടോം തന്നെയായിരുന്നു. അന്ന് കുട്ടിയമ്മ മൈക്കിൾ 332 വോട്ടും എൽസമ്മ ടോം 209 വോട്ടുകളുമാണ് നേടിയിരുന്നത്.
14 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ നിലവിൽ എൽഡിഎഫിന് എട്ടും യുഡിഎഫിന് അഞ്ചും അംഗങ്ങളാണുള്ളത്. ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം സ്വന്തമാക്കിയെങ്കിലും, സീറ്റ് പിടിച്ചെടുത്തത് ആശ്വാസകരമാണെങ്കിലും നിലവിലെ എൽഡിഎഫ് ഭരണത്തിന്റെ ഭൂരിപക്ഷത്തിൽ ഇത് മാറ്റങ്ങളൊന്നും ഉണ്ടാക്കില്ല. എങ്കിലും മുന്നണികൾക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുള്ളതായിരുന്നു ഈ വിജയം.