ആടുകളുടെ കൊലപാതക അന്വേഷണം ഒ.ടി.ടിയിലും സൂപ്പർഹിറ്റ്; 'ദ ഷീപ്പ് ഡിറ്റക്ടീവ്‌സ്' മലയാളത്തിലും തരംഗമാവുന്നു
തിയറ്ററുകളിൽ വലിയ ഓളം തീർത്തതിന് പിന്നാലെ ഒ.ടി.ടി റിലീസിലും വൻ തരംഗമായി മാറിയിരിക്കുകയാണ് കെയ്ൽ ബാൽഡ സംവിധാനം ചെയ്ത 'ദ ഷീപ്പ് ഡിറ്റക്ടീവ്‌സ്'. ലിയോണി സ്വാൻ എഴുതിയ 'ത്രീ ബാഗ്സ് ഫുൾ' എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കി ഒരുക്കിയ ഈ മിസ്റ്ററി കോമഡി ചിത്രം ഇപ്പോൾ മലയാളി പ്രേക്ഷകരുടെയും പ്രിയപ്പെട്ട സിനിമയായി മാറിയിരിക്കുകയാണ്. ചിത്രത്തിലെ ഡയലോഗുകളും സീനുകളും സോഷ്യൽ മീഡിയ മീമുകളിലും റീലുകളിലും ഇപ്പോൾ സജീവമാണ്.
തങ്ങളുടെ പ്രിയപ്പെട്ട ആട്ടിടയൻ കൊല്ലപ്പെടുമ്പോൾ, ആ കൊലപാതകം തെളിയിക്കാൻ ഒരു കൂട്ടം ബുദ്ധിമാന്മാരായ ആടുകൾ തന്നെ നേരിട്ട് രംഗത്തിറങ്ങുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഹ്യൂ ജാക്ക്മാൻ, നിക്കോളാസ് ബ്രൗൺ, എമ്മ തോംസൺ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. 7.5 കോടി ഡോളർ മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രം 12.8 കോടി ഡോളറാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് വാരിക്കൂട്ടിയത്. ആമസോൺ എം.ജി.എം സ്റ്റുഡിയോസും സോണി പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്.
ആമസോൺ പ്രൈമിലൂടെ ഒ.ടി.ടിയിൽ എത്തിയതോടെയാണ് ഈ ചിത്രം മലയാളികളുടെ വീടുകളിലും ചർച്ചാവിഷയമായത്. അപ്രതീക്ഷിതമായി സിനിമയുടെ മലയാളം ഡബ്ബിങ് പതിപ്പ് കൂടി റിലീസ് ചെയ്തതോടെ ചിത്രത്തിന്റെ ജനപ്രീതി ഇരട്ടിച്ചു. ലില്ലി എന്ന കഥാപാത്രത്തിന് മരിയ ലാലി ജോണിയും, സെബാസ്റ്റ്യന് സൽമാൻ അനസും നൽകിയ ശബ്ദം സിനിമയ്ക്ക് തനതായ ഒരു മലയാളി ടച്ച് നൽകാൻ സഹായിച്ചു.
ഹോളിവുഡ് സിനിമകളുടെ മലയാളം ഡബ്ബിങ് സാധാരണയായി ട്രോളുകൾക്ക് ഇരയാകാറാണ് പതിവ് എങ്കിൽ, ഇവിടെ ഡബ്ബിങ്ങിലെ സ്വാഭാവികതയും പെർഫെക്ഷനുമാണ് കയ്യടി നേടുന്നത്. സെബാസ്റ്റ്യനും ലില്ലിയും ജോർജും ഒക്കെ ഇപ്പോൾ മലയാളികളുടെ സ്വന്തം കഥാപാത്രങ്ങളായി മാറിക്കഴിഞ്ഞു എന്നാണ് സോഷ്യൽ മീഡിയയിലെ മൂവി ഗ്രൂപ്പുകളുടെ വിലയിരുത്തൽ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.