പോര്‍ച്ചുഗല്‍ ദേശീയ ടീം ട്രെയിനിങ് ക്യാമ്പില്‍ നിന്ന് പെട്ടെന്ന് മടങ്ങിയതിനും കോച്ച് ജോര്‍ജ്ജ് ജീസസുമായുള്ള ഭിന്നതകള്‍ക്കും കാരണമായ സംഭവവികാസങ്ങളില്‍ വിശദീകരണവുമായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പരസ്യമായി വ്യക്തത വരുത്തിക്കൊണ്ട് റൊണാള്‍ഡോ നല്‍കിയ വിശദമായ പ്രസ്താവനയിലൂടെയാണ് കോച്ചുമായി തെറ്റാനുണ്ടായ സാഹചര്യങ്ങള്‍ അദ്ദേഹം പുറത്തുവിട്ടത്.
2026 ലോകകപ്പിന് ശേഷമാണ് ഈ പ്രശ്‌നങ്ങളുടെ തുടക്കമെന്ന് റൊണാള്‍ഡോ പറയുന്നു. പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് തന്നെ ടീമില്‍ തുടരണമെന്ന് അഭ്യര്‍ത്ഥിക്കുകയും പുതിയ കോച്ചിന്റെ നിയമനത്തെക്കുറിച്ച് അഭിപ്രായം ചോദിക്കുകയും ചെയ്തിരുന്നു. പുതിയ പരിശീലകനായി ജോര്‍ജ്ജ് ജീസസ് എത്തിയതില്‍ താന്‍ സന്തോഷവാനായിരുന്നു. തുടര്‍ന്ന് തന്റെ ഫിറ്റ്‌നസ് കണക്കിലെടുത്ത് മത്സരങ്ങളില്‍ എത്ര സമയം കളിപ്പിക്കുമെന്നതിനെക്കുറിച്ച് കോച്ചുമായി സംസാരിച്ച് ഒരു പ്ലാന്‍ തയ്യാറാക്കിയിരുന്നു. നോര്‍വേ, ഡെന്‍മാര്‍ക്ക് മത്സരങ്ങള്‍ക്കായി ടീമിനൊപ്പം യാത്ര ചെയ്യാതെ പോര്‍ച്ചുഗല്ലില്‍ തന്നെ തുടരാന്‍ കോച്ച് നിര്‍ദ്ദേശിച്ചെങ്കിലും, ടീം ക്യാപ്റ്റന്‍ എന്ന നിലയില്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്ന് കരുതി റൊണാള്‍ഡോ ആ നിര്‍ദ്ദേശം നിരസിക്കുകയാണുണ്ടായത്.
നോര്‍വേക്കെതിരായ മത്സരത്തില്‍ താന്‍ കളിക്കില്ലെന്നാണ് മുന്‍ ധാരണയനുസരിച്ച് റൊണാള്‍ഡോ കരുതിയിരുന്നത്. എന്നാല്‍ മത്സരത്തിന് തൊട്ടുമുമ്പ് 30 മിനിറ്റ് കളിക്കാന്‍ സാധിക്കുമോ എന്ന് കോച്ച് ചോദിച്ചപ്പോള്‍ റൊണാള്‍ഡോ സമ്മതിച്ചു. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ പിച്ചില്‍ ഇറങ്ങാനായി റൊണാള്‍ഡോ വാം-അപ്പ് ചെയ്‌തെങ്കിലും, കളി അവസാനിക്കുന്നത് വരെ അദ്ദേഹത്തെ കോച്ച് പിച്ചിലേക്ക് വിളിച്ചില്ല. കോച്ച് തനിക്ക് നല്‍കിയ വാക്ക് പാലിച്ചില്ലെന്നും ഇതാണ് ഇരുവര്‍ക്കുമിടയിലെ വിശ്വാസ്യത തകര്‍ത്തതെന്നും റൊണാള്‍ഡോ ചൂണ്ടിക്കാണിക്കുന്നു. മത്സരശേഷം ആരാധകരെ അഭിവാദ്യം ചെയ്യാതെ മടങ്ങിയത് തന്റെ ഭാഗത്തുനിന്നുണ്ടായ വലിയ തെറ്റാണെന്ന് സമ്മതിച്ച അദ്ദേഹം, ആരാധകരോടും പോര്‍ച്ചുഗീസ് ജനതയോടും മാപ്പ് ചോദിച്ചു.
പ്രശ്‌നം പരിഹരിക്കാനായി റൊണാള്‍ഡോയും കോച്ച് ജോര്‍ജ്ജ് ജീസസും അല്‍ നാസര്‍ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ സിമാവോ കൂട്ടീന്യോയും ചേര്‍ന്ന് സ്വകാര്യ കൂടിക്കാഴ്ച നടത്തി. താന്‍ സ്വയം കളിക്കളം ആവശ്യപ്പെട്ടിട്ടില്ലെന്നും, നോര്‍വേയില്‍ വാം-അപ്പ് ചെയ്യിപ്പിച്ച ശേഷം കളിപ്പിക്കാതിരുന്നത് കോച്ചിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണെന്നും പത്രസമ്മേളനത്തില്‍ തുറന്നു പറയാമെന്ന് കോച്ച് ഉറപ്പുനല്‍കിയതായി റൊണാള്‍ഡോ പറഞ്ഞു. എന്നാല്‍ തുടര്‍ന്ന് നടന്ന മാധ്യമസമ്മേളനത്തില്‍ കോച്ച് സംസാരിച്ചത് സ്വകാര്യമായി ധാരണയായ രീതിയിലായിരുന്നില്ല. തുടര്‍ച്ചയായി രണ്ടാം തവണയും കോച്ച് വാക്കുമാറ്റിയതോടെയാണ് ട്രെയിനിങ് ക്യാമ്പ് വിടാന്‍ റൊണാള്‍ഡോ തീരുമാനിച്ചത്.
ഒരു മുന്നറിയിപ്പുമില്ലാതെ ക്യാമ്പ് വിട്ടുപോയത് തെറ്റാണെന്ന് അംഗീകരിച്ച റൊണാള്‍ഡോ, സഹതാരങ്ങളോട് മാപ്പുപറയുകയും ചെയ്തു. താന്‍ ടീമിന്റെ ക്യാപ്റ്റനായതിനാല്‍ ഫെഡറേഷന്‍ നല്‍കുന്ന ഏത് ശിക്ഷയും നേരിടാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ ടീമിനായി ഇനിയും കളിക്കാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. അര്‍ഹിക്കുന്ന ശിക്ഷ അനുഭവിച്ച ശേഷം, ക്ലബ്ബിനായി മികച്ച പ്രകടനം പുറത്തെടുത്ത് ഫിറ്റ്‌നസ് നിലനിര്‍ത്തിയാല്‍ പോര്‍ച്ചുഗലിനായി വീണ്ടും ബൂട്ടണിയാന്‍ താന്‍ സന്നദ്ധനാണെന്ന് റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.
'പരിശീലകന്‍ വാക്ക് ലംഘിച്ചു'; പോര്‍ച്ചുഗല്‍ ക്യാമ്പ് വിട്ട സംഭവത്തില്‍ വിശദീകരണവുമായി റൊണാള്‍ഡോ; വിരമിക്കില്ലെന്ന് പ്രഖ്യാപനം