ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും അമിതമായി ചൂഷണം ചെയ്യുകയും ചെയ്തെന്ന പരാതിയിൽ പ്രമുഖ റൈഡ് സർവീസ് പ്ലാറ്റ്‌ഫോമായ റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CCPA) ആണ് കമ്പനിക്കെതിരെ കർശന നടപടി സ്വീകരിച്ചത്.
റൈഡ് ബുക്ക് ചെയ്യുമ്പോൾ മുൻകൂറായി ടിപ്പ് നൽകാൻ ഉപഭോക്താക്കളെ നിർബന്ധിക്കുക, കൂടുതൽ തുക നൽകിയാൽ മാത്രം വേഗത്തിൽ വാഹനം ലഭ്യമാകും എന്ന് കാണിച്ച് സമ്മർദ്ദത്തിലാക്കുക, ആപ്പിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതികൾ ഉപയോഗിക്കുക തുടങ്ങിയ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
റൈഡ് അഗ്രിഗേറ്റർ ആപ്പുകൾ നടത്തുന്ന അമിത ചാർജ് ഈടാക്കലും മുൻകൂർ ടിപ്പ് പിരിവും സംബന്ധിച്ച് ഉയർന്ന വ്യാപക പരാതികളെ തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. മുൻപ് ഓല, യൂബർ, നമ്മ യാത്രി എന്നീ പ്ലാറ്റ്‌ഫോമുകൾക്കും സി.സി.പി.എ നോട്ടീസ് അയച്ചിരുന്നു.
നിലവിൽ ഓല, യൂബർ എന്നീ കമ്പനികൾക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്നും അതോറിറ്റി അറിയിച്ചു.