രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് സ്റ്റഡീസിന്‍റെ 'കേരള വികസന സമ്മിറ്റി'ന് ഇന്ന് തുടക്കം: മുന്‍ ധനമന്ത്രി പി ചിദംബരം ഉദ്ഘാടനം ചെയ്യും
Jaihind TV News Report
Jaihind TV Web Desk
October 02, 2020
1 min read
•
Updated: July 15, 2026
തിരുവനന്തപുരം : അടുത്ത പത്ത് വര്‍ഷത്തേക്കുള്ള കേരളത്തിന്‍റെ വികസന രൂപരേഖ തയാറാക്കാന്‍ ലക്ഷ്യമിട്ട് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്മെന്‍റ് സ്റ്റഡീസ്( RGIDS) സംഘടിപ്പിക്കുന്ന വികസന സമ്മിറ്റ് 'പ്രതീക്ഷ 2030' ന് ഇന്ന്(വെള്ളിയാഴ്ച) തുടക്കമാകും. മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരം എം.പി സമ്മിറ്റ് ഉദ്ഘാടനം ചെയ്യുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ രമേശ് ചെന്നിത്തല അറിയിച്ചു.
അഞ്ച് ഘട്ടങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണ് 'പ്രതീക്ഷ 2030' സമ്മിറ്റ്. ആദ്യഘട്ടം വിവിധ രാജ്യങ്ങളിലെ പ്രവാസി മലയാളികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ്. ഇന്ന് ആരംഭിച്ച് 11 വരെ നീണ്ടുനില്‍ക്കുന്ന ആദ്യ ഘട്ടത്തില്‍ 13 രാജ്യങ്ങളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട മലയാളികള്‍ പങ്കെടുക്കും. യു.എ.ഇയിലെ മലയാളികളുമായുള്ള ആശയ വിനിമയത്തോടെയാകും പ്രതീക്ഷ 2030 തുടങ്ങുക. പി ചിദംബരം ഉദ്ഘാടനം ചെയ്യുന്ന ആശയവിനിമയ പരിപാടിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ജോസഫ് വാഴക്കന്‍ എന്നിവരും സംസാരിക്കും. മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണാണ് പ്രതീക്ഷ 2030 സമ്മിറ്റിന്‍റെ സെക്രട്ടറി ജനറല്‍. ഇന്നു തന്നെ ഖത്തറിലെ പ്രവാസി മലയാളികളുമായുള്ള കണ്‍സള്‍ട്ടേഷനും നടക്കും. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെയാകുമിത്.
ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളുരു, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നീ ആറു നഗരങ്ങളിലെ മലയാളികളെ ഉള്‍പ്പെടുത്തികൊണ്ടുള്ളതാണ് രണ്ടാം ഘട്ടം. കേരളത്തിലെ 14 ജില്ലാ ആസ്ഥാനങ്ങളിലും സംഘടിപ്പിക്കുന്ന ആശവിനിമയങ്ങളാകും മൂന്നാം ഘട്ടം. നാലാം ഘട്ടം വിവിധ മേഖലകളിലെ ക്ഷണിക്കപ്പെട്ട പ്രതിനിധികളുമായുള്ള ആശയവിനിമയമാണ്. ഓരോ മേഖലയും നേരിടുന്ന പ്രതിസന്ധികള്‍, അവ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവ ഈ ഘട്ടത്തില്‍ ചര്‍ച്ചാവിഷയമാകും.
അഞ്ചാം ഘട്ടം 'പ്രതീക്ഷ 2030 കേരള വികസന സമ്മിറ്റ്' ആണ്. വിവിധ ഘട്ടങ്ങളിലായി ലഭിച്ച അഭിപ്രായങ്ങളുടേയും നിര്‍ദ്ദേശങ്ങളുടേയും അടിസ്ഥാനത്തില്‍ ഒരു കരട് വികസന രേഖ തയാറാക്കും. ഇതിന്മേലായിരിക്കും സമ്മിറ്റിലെ ചര്‍ച്ച. രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള പ്രമുഖര്‍ ഈ ചര്‍ച്ചകളില്‍ പങ്കെടുക്കും. ചര്‍ച്ചകളില്‍ ഉയരുന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സമിറ്റിന് ഒടുവില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് കേരള വികസന രൂപരേഖ 2030 പുറത്തിറക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10