നിയമസഭയില്‍ പ്രതിപക്ഷ തന്ത്രങ്ങള്‍ പാളുന്നു; എല്‍.ഡി.എഫില്‍ സ്വയംവിമര്‍ശനം ശക്തം
തിരുവനന്തപുരം: നിയമസഭയില്‍ ഭരണപക്ഷത്തെ നേരിടാന്‍ സ്വീകരിക്കുന്ന പ്രതിപക്ഷ അടവുകള്‍ തുടര്‍ച്ചയായി പാളുകയാണെന്ന് എല്‍.ഡി.എഫ് മുന്നണിക്കുള്ളില്‍ കടുത്ത വിമര്‍ശനം. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി നിര്‍ദേശവുമായി ബന്ധപ്പെട്ട ധനബില്‍ ചര്‍ച്ചയിലും വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിഷയത്തിലും പ്രതിപക്ഷം സ്വീകരിച്ച നിലപാടുകള്‍ തിരിച്ചടിച്ചുവെന്നാണ് മുന്നണിയുടെ വിലയിരുത്തല്‍. ഇതിനുപുറമെ, പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള സി.പി.ഐ - സി.പി.എം തര്‍ക്കം പരിഹരിക്കപ്പെടാത്തതിനാല്‍ പ്രതിപക്ഷ എം.എല്‍.എമാരുടെ സംയുക്ത യോഗം ചേരാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിനുള്ള നിര്‍ദേശം സഭയിലേക്ക് 'ഒളിച്ചുകടത്തി' എന്നായിരുന്നു സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷ നേതാവ് ഉന്നയിച്ച പ്രധാന ആക്ഷേപം. എന്നാല്‍, നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ധനബില്‍ സഭയിലെത്തിയത്. സാധാരണഗതിയില്‍ ധനബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാറുണ്ടെങ്കിലും, സഭയുടെ പ്രത്യേക അനുമതിയോടെ ഇതില്‍ ഇളവ് നല്‍കാം. ഈ ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ നേരിട്ട് സഭയില്‍ പരിഗണിക്കാന്‍ കാര്യോപദേശക സമിതിയാണ് തീരുമാനിച്ചത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയനും സി.പി.ഐ നേതാവ് കെ. രാജനും അംഗങ്ങളായ കാര്യോപദേശക സമിതിയിലാണ് ഈ തീരുമാനമെടുത്തത്. സമിതിയില്‍ ബില്ലിനെ എതിര്‍ക്കാതിരിക്കുകയും, പിന്നീട് സഭയില്‍ വന്നപ്പോള്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടാത്തതിനെതിരെ രംഗത്തുവരികയും ചെയ്ത പ്രതിപക്ഷ നിലപാട് സ്വയം പരാജയപ്പെടുത്തുന്ന വാദമായിപ്പോയെന്നാണ് എല്‍.ഡി.എഫ് മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശനം. മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ധനബില്‍ ഇത്തരത്തില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ നേരിട്ട് സഭയില്‍ അവതരിപ്പിച്ച മുന്‍കാല ചരിത്രം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി.ഡി. സതീശന് സഭയില്‍ പ്രതിപക്ഷത്തിന് ശക്തമായ മറുപടി നല്‍കുകയും ചെയ്തു.
മദ്യക്കമ്പനികളെ സഹായിക്കാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നുവെന്ന് കുറ്റപ്പെടുത്തി സഭ ബഹിഷ്കരിക്കാനും, അതിലൂടെ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാനുമായിരുന്നു പ്രതിപക്ഷത്തിന്റെ ലക്ഷ്യം. എന്നാല്‍ അതിനായി സ്വീകരിച്ച തന്ത്രങ്ങളിലെ പാളിച്ചകള്‍ പ്രതിപക്ഷത്തെ കടുത്ത പ്രതിരോധത്തിലാക്കി. നിയമസഭാ പ്രവര്‍ത്തനങ്ങളില്‍ ഏറെ പരിചയസമ്പന്നനായ മുഖ്യമന്ത്രിയോട് എതിരിടാന്‍ കൂടുതല്‍ തന്ത്രപരമായ നീക്കങ്ങള്‍ വേണമെന്നാണ് മുന്നണിയിലെ മുതിര്‍ന്ന നേതാക്കളുടെ പൊതുവികാരം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.