ഓണത്തിന് നാട്ടിലെത്താം; അന്തർസംസ്ഥാന സർവീസുകളുടെ നീണ്ട നിര, റിസർവേഷൻ ആരംഭിച്ചു
തിരുവനന്തപുരം: ഓണത്തിരക്ക് പരിഗണിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ചു. കേരളത്തിനകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവരുടെ തിരക്ക് കണക്കിലെടുത്താണ് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും അധിക സർവീസുകൾ ഏർപ്പെടുത്തുന്നത്.
ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെയാണ് പ്രത്യേക സർവീസുകൾ നടത്തുക. ഈ സർവീസുകൾക്കുള്ള ഓൺലൈൻ റിസർവേഷൻ ആരംഭിച്ചതായി കെഎസ്ആർടിസി അറിയിച്ചു.
ഓണാവധിയോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിലാണ് അധിക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 2 വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കും ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 1 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഈ നഗരങ്ങളിലേക്കുമാണ് സർവീസുകൾ നടത്തുക.
കേരളത്തിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് പ്രധാന സർവീസുകൾ
* കോഴിക്കോട് – ബെംഗളൂരു (8 സ്പെഷ്യൽ ഫാസ്റ്റ് സർവീസുകൾ)
* മലപ്പുറം – ബെംഗളൂരു (സ്പെഷ്യൽ ഫാസ്റ്റ്)
* തൃശൂർ – ബെംഗളൂരു (3 സൂപ്പർ ഡീലക്സ്)
* എറണാകുളം – ബെംഗളൂരു (4 സർവീസുകൾ; 3 സൂപ്പർ ഡീലക്സ്, 1 മൾട്ടി ആക്സിൽ എസി)
* ആലപ്പുഴ, കൊല്ലം, പുനലൂർ, കൊട്ടാരക്കര, ചേർത്തല, ഹരിപ്പാട് എന്നിവിടങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്ക് സൂപ്പർ ഡീലക്സ് സർവീസുകൾ
* കോട്ടയം – ബെംഗളൂരു (2 സൂപ്പർ ഡീലക്സ്)
* കണ്ണൂർ – ബെംഗളൂരു (4 സ്പെഷ്യൽ ഫാസ്റ്റ് സർവീസുകൾ)
* പയ്യന്നൂർ, കാഞ്ഞങ്ങാട് – ബെംഗളൂരു സൂപ്പർ ഡീലക്സ് സർവീസുകൾ
* കണ്ണൂർ – മൈസൂരു (2 സ്പെഷ്യൽ ഫാസ്റ്റ്)
* എറണാകുളം, തൃശൂർ – മൈസൂരു സർവീസുകൾ
* തിരുവനന്തപുരം – ബെംഗളൂരു, ചെന്നൈ സർവീസുകൾ
* എറണാകുളം – ചെന്നൈ മൾട്ടി ആക്സിൽ എസി സർവീസ്
ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കും അധിക സർവീസുകൾ
ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, കോട്ടയം, കണ്ണൂർ, തിരുവനന്തപുരം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്ക് പ്രത്യേക സർവീസുകൾ ഉണ്ടായിരിക്കും.
എല്ലാ പ്രത്യേക സർവീസുകൾക്കും ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്. യാത്രക്കാർക്ക് കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ്, Ente KSRTC Neo OPRS മൊബൈൽ ആപ്പ്, സംസ്ഥാനത്തെ കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകൾ എന്നിവ വഴി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം.
ഓണാവധിക്കാലത്തെ തിരക്ക് ഒഴിവാക്കുന്നതിനും യാത്ര ഉറപ്പാക്കുന്നതിനുമായി യാത്രക്കാർ നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് കെഎസ്ആർടിസി അഭ്യർത്ഥിച്ചു. യാത്രക്കാരുടെ ആവശ്യകത അനുസരിച്ച് കൂടുതൽ അധിക സർവീസുകൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.