തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ച് കേരള സര്‍ക്കാര്‍ ചരിത്രപരമായ മാതൃക സൃഷ്ടിച്ചതായി മുഖ്യമന്ത്രി വിഡി സതീശന്‍. സംസ്ഥാനതല വയോജന ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയോജനങ്ങളെ സമൂഹത്തില്‍ സജീവമാക്കാനും എല്ലാ മേഖലകളിലും അവരുടെ പങ്കാളിത്തം ഉറപ്പാക്കാനുമാണ് ഈ പുതിയ വകുപ്പിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചടങ്ങില്‍ വയോജന വകുപ്പിന്റെ ഔദ്യോഗിക ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
വയോജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്രി അധ്യക്ഷനായ ഗവേണിംഗ് ബോഡിയും ഒരു വിദഗ്ധ ടെക്‌നിക്കല്‍ കമ്മിറ്റിയും രൂപീകരിക്കും. സംസ്ഥാനത്തെ വയോജനങ്ങളുടെ കൃത്യമായ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുമെന്നും വയോജന ക്ഷേമം വിജയകരമായി നടപ്പിലാക്കുന്ന വിദേശ രാജ്യങ്ങളുടെ മാതൃകകള്‍ കേരളത്തില്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വയോജനങ്ങള്‍ക്ക് പൂര്‍ണ്ണ നിയമപരിരക്ഷ നല്‍കുന്നതിന് ആവശ്യമായ പുതിയ നിയമനിര്‍മ്മാണം നടത്തും. പഴയ തലമുറയേയും പുതിയ തലമുറയേയും തമ്മില്‍ ബന്ധിപ്പിച്ച് വയോജനക്ഷേമം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഒറ്റപ്പെടല്‍ ഒഴിവാക്കാന്‍ പ്രാദേശികമായി 'അയല്‍പക്ക സഹായസഹകരണ ശൃംഖല'കള്‍ സ്ഥാപിക്കും. വയോജനങ്ങളെ എവിടെയും ആദരിക്കപ്പെടുന്ന വിഭാഗമാക്കി മാറ്റുമെന്നും ഒരു മകനെയോ മകളെയോ പോലെ അവരെ സംരക്ഷിക്കുന്ന സംവിധാനമാണ് വയോജന വകുപ്പെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വയോജനങ്ങള്‍ക്കായുള്ള സമഗ്ര ആരോഗ്യ കര്‍മ്മ പദ്ധതി ചടങ്ങില്‍ വെച്ച് ആരോഗ്യമന്ത്രി പ്രകാശനം ചെയ്തു. കിടപ്പുരോഗികളായ വയോജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ പരിചരണവും ഉറപ്പാക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത കെ. മുരളീധരന്‍ പറഞ്ഞു. കൂടാതെ, വയോജനങ്ങളുടെ അടിയന്തര ആരോഗ്യ ആവശ്യങ്ങള്‍ക്കായി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ 300 പുതിയ '108' ആംബുലന്‍സുകള്‍ ഉടന്‍ തന്നെ ആരോഗ്യവകുപ്പ് സര്‍വീസ് ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു.
വയോജനങ്ങള്‍ ഒറ്റയ്ക്കല്ല, സംരക്ഷിക്കാന്‍ മക്കളെപ്പോലെ സര്‍ക്കാര്‍ ഒപ്പമുണ്ട്: വയോജന വകുപ്പിന്റെ ലോഗോ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി