കനത്ത തോൽവിയുടെ മുറിവ് ഉണക്കാനായി ചേർന്ന വിശാല സംസ്ഥാന സമിതിയിൽ ചെറിയ തോതിലെങ്കിലും അഴിച്ചു പണി വന്നത് പൊളിറ്റ് ബ്യൂറോയുടെ കടുത്ത നിലപാടാണ്. സംസ്ഥാന നേതൃത്വത്തെ അമ്പരപ്പിച്ചു കൊണ്ടാണ് എം എ ബേബി എം വി ഗോവിന്ദനെ ശാസിച്ചത്. ഇതിന് മറ്റ് സംസ്ഥാനങ്ങളിലെ പിബി അംഗങ്ങളുടെ പിന്തുണ ഉണ്ടായി. അതേസമയം സമ്മേളനത്തിന് മുമ്പിൽ നാണക്കേട് ഉണ്ടായതിൽ എംവി ഗോവിന്ദൻ കടുത്ത അമർഷത്തിലാണ്.
പിണറായി വിജയൻ അടക്കം താൻ പിന്തുണച്ചവരുടെ സാന്നിധ്യത്തിൽ ശാസന കേൾക്കേണ്ടി വന്നതിലുള്ള അമർഷം എംവി ഗോവിന്ദനുണ്ട്. തോൽവിയുടെ ഭാരത്തിൽ മറ്റുള്ളവർക്കും പങ്കുണ്ടെന്നിരിക്കെ എല്ലാ പാപഭാരവും എംവി ഗോവിന്ദന് മേൽ പിബി ചാരിയപ്പോൾ പിണറായി വിജയനും മൗനം പാലിച്ചു. എം വി ഗോവിന്ദൻ്റെ ശാസനയും സെക്രട്ടറിയറ്റ് , സമിതി എന്നിവയിലെ പുനസംഘടനയും നേതൃത്വത്തിന് പിബിയുടെ സർജിക്കൽ സ്‌ട്രൈക്കായി. ചർച്ചയ്ക്ക് മറുപടി തയ്യാറാക്കാനായി ചേർന്ന സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിലും പിബി ശാസന അടക്കമുള്ള കാര്യങ്ങളിൽ മനസ് തുറന്നിരുന്നില്ല. സെക്രട്ടറിയറ്റ് യോഗം പൂർത്തിയായതിനു ശേഷം നടന്ന പിബി യോഗത്തിലാണ് എം എ ബേബി സംസ്ഥാന സെക്രട്ടറിയെ ശാസിക്കുന്നു എന്നറിയിച്ചത് . മറ്റു സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള പിബി അംഗങ്ങൾ നിലപാടിൽ ശക്തമായി ഉറച്ച് നിന്നതോടെ സംസ്ഥാന ഘടകത്തിന് പ്രതിരോധിക്കാനായില്ല.
തളിപ്പറമ്പിൽ സ്വന്തം ഭാര്യയെ നിർത്തിയതിലൂടെ എംവി ഗോവിന്ദന് പിഴച്ചെന്ന് അശോക് ധാവലെ , ബി രാഘവലു അടക്കമുള്ള പിബി അംഗങ്ങൾ വ്യക്തമാക്കി . എം.എ ബേബിയും ഇക്കാര്യത്തിൽ പിന്തുണച്ചു . ഇതിനൊപ്പം സംഘടന കാര്യങ്ങളിൽ അടക്കം സത്യസന്ധമായ നിലപാട് ഗോവിന്ദനിൽ നിന്നുണ്ടായില്ലെന്നും ആരെയും ചാരി പ്രവർത്തിക്കാൻ ശ്രമിക്കരുതെന്നും പിബി അംഗങ്ങൾ നിർദേശവും നല്‍കി. ഗോവിന്ദൻ തൻ്റെ നിലപാട് വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും വിലപ്പോയില്ല . ആർക്കു വേണ്ടിയാണോ താൻ നിലപാട് എടുത്തത് അവർ തന്നെ പിന്തുണയ്ക്കാൻ തയ്യാറായില്ല എന്നതിൽ എം വി ഗോവിന്ദന് കടുത്ത അമർഷം ഉണ്ട്.