അൻസിബ-ലക്ഷ്മിപ്രിയ വിവാദം: കേസെടുക്കാൻ കഴിയില്ലെന്ന് മജിസ്‌ട്രേറ്റ് കോടതി
കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നിലവിൽ കേസെടുക്കാവുന്ന കുറ്റകൃത്യം കണ്ടെത്താനാകില്ലെന്ന് എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി വിലയിരുത്തി. അതേസമയം, നടി ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ അൻസിബ നാളെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം.
സമൂഹമാധ്യമങ്ങളിലൂടെ വ്യാജവിവരങ്ങളും അശ്ലീല ഉള്ളടക്കവും ഉൾപ്പെടുത്തിയ വീഡിയോ നിർമിച്ച് പ്രചരിപ്പിക്കുകയും തന്റെ സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് അൻസിബ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്. എന്നാൽ, പരാതിയിൽ നേരിട്ട് കേസെടുക്കാനാകില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. കോടതിയെ സമീപിക്കാമെന്നും പൊലീസ് അൻസിബയെ അറിയിച്ചിരുന്നു.
അൻസിബ ഉന്നയിച്ച ആരോപണങ്ങളിൽ മാനനഷ്ടക്കേസ് മാത്രമാണ് നിലനിൽക്കുന്നതെന്നും ഇത്തരം സാഹചര്യങ്ങളിൽ പൊലീസിന് നേരിട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ അന്യായം നൽകാൻ നിർദേശം ലഭിച്ചതിനെ തുടർന്ന് അൻസിബ കോടതിയെ സമീപിച്ചത്.
തന്നെ മനഃപൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നും മതപരമായ അധിക്ഷേപങ്ങൾക്ക് ഇരയാക്കിയെന്നും കുടുംബാംഗങ്ങളെ പോലും അപമാനിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ നടന്നുവെന്നും അൻസിബ ആരോപിച്ചിരുന്നു. തന്റെ സ്വഭാവഹത്യ നടത്തിയ സംഭവത്തിൽ സിനിമാരംഗത്തെ ചില പ്രമുഖർ ഉൾപ്പെടെ പങ്കാളികളാണെന്നും അൻസിബ ആരോപിച്ചു.
അതിനിടെ, അൻസിബയുടെ പരാതിയുമായി ബന്ധപ്പെട്ട് നടി ലക്ഷ്മിപ്രിയ തൃക്കാക്കര എസിപിക്ക് മുന്നിൽ മൊഴി നൽകിയിരുന്നു. അൻസിബ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തന്റെ കുടുംബജീവിതത്തെ ബാധിക്കുന്ന തരത്തിൽ അൻസിബ അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളെ തുടർന്നാണ് നിയമനടപടിയിലേക്ക് നീങ്ങിയതെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി.
തന്നെ മൂന്ന് മണിക്കൂറോളം പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ചെന്ന അൻസിബയുടെ ആരോപണം തെറ്റാണെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. പലതവണ വിശദീകരണം തേടിയിട്ടും അൻസിബ അയച്ച സന്ദേശങ്ങളെക്കുറിച്ച് വ്യക്തമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് പരാതി നൽകേണ്ടി വന്നതെന്നും അവർ അറിയിച്ചു. സംഭവത്തിന് പിന്നിൽ മറ്റ് ഉദ്ദേശ്യങ്ങളോ ആരുടെയെങ്കിലും പ്രേരണയോ ഇല്ലെന്നും വ്യക്തികൾ തമ്മിലുള്ള വിഷയങ്ങളിൽ താരസംഘടന ഇടപെടേണ്ട സാഹചര്യമില്ലെന്നും ലക്ഷ്മിപ്രിയ പ്രതികരിച്ചു.
അതേസമയം, തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനിതാ എസ്‌ഐ രേഷ്മയ്‌ക്കെതിരെയും അൻസിബ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾ ഹൈക്കോടതിയിലെ ഹർജിക്ക് ശേഷമായിരിക്കും വ്യക്തമാകുക.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.