വെനസ്വേലയെ നടുക്കി ഇരട്ട ഭൂചലനം; 32 മരണം, 700 ഓളം പേര്‍ക്ക് പരിക്ക്; രാജ്യത്ത് അടിയന്തരാവസ്ഥ
കാരക്കസ്: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ അനുഭവപ്പെട്ട അതിശക്തമായ ഇരട്ട ഭൂചലനത്തില്‍ വ്യാപക നാശനഷ്ടം. ദുരന്തത്തില്‍ ഇതുവരെ 32 പേര്‍ മരണപ്പെടുകയും എഴുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് സ്ഥിരീകരിച്ചു. ഭൂകമ്പത്തെത്തുടര്‍ന്ന് രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
തലസ്ഥാനമായ കാരക്കാസിലെ ബറൂട്ട മുനിസിപ്പാലിറ്റിയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ രണ്ട് ബഹുനില കെട്ടിടങ്ങള്‍ പൂര്‍ണ്ണമായി തകര്‍ന്നു വീണ് മൂന്ന് പേര്‍ മരണപ്പെട്ടു. തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരില്‍ പലരുടെയും നിലവിളികള്‍ പുറത്തുകേള്‍ക്കാമെന്നും ജീവനക്കാരും രക്ഷാപ്രവര്‍ത്തകരും അതീവ ജാഗ്രതയോടെ തിരച്ചില്‍ തുടരുകയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വരും മണിക്കൂറുകളില്‍ മരണസംഖ്യ ഇനിയും വലിയ തോതില്‍ ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക.
ഒരു മിനിറ്റില്‍ താഴെയുള്ള സമയവ്യത്യാസത്തിലാണ് രാജ്യം കണ്ട ഏറ്റവും ഭീകരമായ രണ്ട് ഭൂചലനങ്ങളുണ്ടായത്. ആദ്യത്തേത് റിച്ചര്‍ സ്‌കെയിലില്‍ 7.2 തീവ്രതയും രണ്ടാമത്തേത് 7.5 തീവ്രതയും രേഖപ്പെടുത്തി. കരീബിയന്‍, തെക്കേ അമേരിക്കന്‍ ടെക്‌റ്റോണിക് പ്ലേറ്റുകള്‍ സന്ധിക്കുന്ന അതീവ ഭൗമ സജീവ മേഖലയിലാണ് വെനസ്വേല സ്ഥിതി ചെയ്യുന്നത്. ഈ പ്ലേറ്റുകള്‍ക്കിടയിലെ ഭ്രംശരേഖയിലുണ്ടായ തിരശ്ചീനമായ സ്ഥാനചലനമാണ് ഇത്രയും ശക്തമായ ദുരന്തത്തിന് കാരണമായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. വരും ദിവസങ്ങളിലും ശക്തമായ തുടര്‍ച്ചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോള്‍ മരണസംഖ്യ ഒരു ലക്ഷം കടക്കാന്‍ 30 ശതമാനം വരെ സാധ്യതയുണ്ടെന്നാണ് യുഎസ്ജിഎസിന്റെ പ്രാഥമിക വിലയിരുത്തല്‍.
വെനസ്വേലയിലെ ദുരന്തബാധിതരെ സഹായിക്കാന്‍ ഇന്ത്യയും അമേരിക്കയും ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ അടിയന്തരമായി രംഗത്തിറങ്ങിയിട്ടുണ്ട്. തിരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക വിദഗ്ധ സംഘങ്ങളെയും മെഡിക്കല്‍ സാമഗ്രികളും മാനുഷിക സഹായങ്ങളും ഉടന്‍ വിന്യസിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു. ദുരന്തത്തില്‍ പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടവര്‍ക്കൊപ്പം അമേരിക്കയുണ്ടാകുമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വേഗത്തിലുള്ള ഇടപെടലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ ഡെപ്യൂട്ടി ക്രിസ്റ്റഫര്‍ ലാന്‍ഡൗവും വെനസ്വേലന്‍ അധികൃതരുമായി സഹായങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.
പ്രതിസന്ധി ഘട്ടത്തില്‍ വെനസ്വേലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ചിലി പ്രസിഡന്റ് ജോസ് അന്റോണിയോ കാസ്റ്റ് എന്നിവര്‍ക്ക് ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് നന്ദി അറിയിച്ചു. നിലവില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ എത്രയും വേഗം പുറത്തെടുക്കാനുമാണ് ഭരണകൂടം മുന്‍ഗണന നല്‍കുന്നത്. ബറൂട്ട മുനിസിപ്പാലിറ്റിയിലെ ഭൂരിഭാഗം താമസക്കാരെയും നിലവില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.