ഇസ്ലാമബാദ്: ഹോങ്കോങ് സിക്സസ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യക്കെതിരായ വിജയത്തിന് പിന്നാലെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പങ്കുവെച്ച അഭിനന്ദന സന്ദേശം സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു. ലോകകപ്പോ ഏഷ്യാ കപ്പോ പോലെയുള്ള പ്രധാന ടൂർണമെന്റുകളിലൊന്നുമല്ലിത്, മറിച്ച് വെറുമൊരു 'ഗല്ലി ക്രിക്കറ്റ്' മോഡലിൽ നടക്കുന്ന ആറ് ഓവർ മത്സരത്തിന് ഇത്രയധികം പ്രാധാന്യം നൽകി പോസ്റ്റിട്ട പാക് പ്രധാനമന്ത്രിയുടെ നടപടിയെയാണ് ആരാധകർ രൂക്ഷമായി പരിഹസിക്കുന്നത്. സമീപകാലത്തൊന്നും പ്രധാന വേദികളിൽ ഇന്ത്യയെ തോൽപ്പിക്കാൻ കഴിയാത്തതിന്റെ നിരാശയാണ് പാകിസ്ഥാൻ ഈ ചെറിയ വിജയത്തിലൂടെ തീർക്കുന്നതെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.
"ഹോങ്കോങ് സിക്സസ് 2026-ലെ മത്സരത്തിൽ ഇന്ത്യക്കെതിരെ വിജയം നേടിയ നമ്മുടെ പുരുഷ ടീമിന് അഭിനന്ദനങ്ങൾ..." എന്ന തരത്തിലുള്ള ഷെഹ്ബാസ് ഷെരീഫിന്റെ പോസ്റ്റിന് താഴെ നിരവധി ട്രോളുകളാണ് വന്നു കൊണ്ടിരിക്കുന്നത്. വെറുമൊരു സാധാരണ മത്സരത്തിലെ വിജയത്തെ ലോകകപ്പ് വിജയം പോലെ ആഘോഷിക്കുന്ന പാക് പ്രധാനമന്ത്രിക്ക് രാജ്യത്ത് ഒരാഴ്ച പൊതുഅവധി നൽകണമെന്ന തരത്തിൽ വരെ ആരാധകർ പരിഹാസരൂപേണ കമന്റുകൾ കുറിച്ചിട്ടുണ്ട്. കൂടാതെ, ടൂർണമെന്റിൽ പാകിസ്ഥാൻ മറ്റ് ടീമുകളോട് തോറ്റതും ആരാധകർ ഓർമ്മിപ്പിക്കുന്നുണ്ട്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 88 റൺസെടുത്തപ്പോൾ, പാകിസ്ഥാൻ 3.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ക്രുണാൽ പാണ്ഡ്യ നയിച്ച ഇന്ത്യൻ നിരയിൽ 11 പന്തിൽ 40 റൺസെടുത്ത ശശാങ്ക് സിംഗ് ആണ് ടോപ് സ്കോറർ ആയത്. രാഹുൽ തൃപാഠി, നിതീഷ് റാണ, രാഹുൽ തെവാടിയ തുടങ്ങിയ പ്രമുഖരും ഇന്ത്യൻ ടീമിലുണ്ടായിരുന്നു. അബ്ബാസ് അഫ്രീദിയാണ് പാകിസ്ഥാനെ നയിച്ചത്.
ഹോങ്കോങ് സിക്സസിലെ ജയം ലോകകപ്പ് ജയം പോലെ ആഘോഷിച്ചു; പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് ട്രോൾ മഴ