മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കി. പമ്പ മുതൽ സന്നിധാനം വരെയും എരുമേലി–കരിമല–പമ്പ കാനനപാതയിലുമായി ഏഴ് ആശുപത്രികളും 22 അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളുമാണ് പ്രവർത്തിക്കുന്നത്. വിദഗ്ധ ഡോക്ടർമാർ, കാർഡിയോളജി സെന്ററുകൾ, ഐ.സി.യു, ലാബ്, ആംബുലൻസ് സേവനം എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങൾ 24 മണിക്കൂറും ലഭ്യമാക്കിയിട്ടുണ്ട്.
അടിയന്തര വൈദ്യസഹായത്തിനായി പമ്പ കൺട്രോൾ റൂമിന്റെ 04735 203232 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. വിവരമറിയിക്കുന്ന മുറയ്ക്ക് പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തി സഹായം നൽകുന്നതിനും രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും സംവിധാനമുണ്ട്. മകരവിളക്ക് ദിവസം അധിക ആംബുലൻസുകളും ആരോഗ്യപ്രവർത്തകരുടെ സേവനവും ഉറപ്പാക്കുമെന്നും തീർത്ഥാടനപാതയിൽ ഭക്തരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സജ്ജമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം; 7 ആശുപത്രികളും 22 വൈദ്യസഹായ കേന്ദ്രങ്ങളും സജ്ജം