പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് ആവശ്യമായ സഹായങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഉറപ്പാക്കുന്നതിനായി പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഒരുക്കിയ ശബരിമല ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. ശബരി സേവാ ട്രസ്റ്റിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംയുക്താഭിമുഖ്യത്തിൽ സജ്ജീകരിച്ച ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.
കഴിഞ്ഞ പത്ത് വർഷത്തിലേറെയായി അയ്യപ്പഭക്തർക്കായി നടത്തിവരുന്ന സേവനപ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഇത്തവണയും ഹെൽപ്പ് ഡെസ്ക് തുറന്നത്. തീർത്ഥാടകർക്ക് ആവശ്യമായ യാത്രാസഹായം, വൈദ്യസഹായം, ഭക്ഷണം, താമസസൗകര്യം, വാഹനസൗകര്യം എന്നിവ ലഭ്യമാക്കുന്നതിനും അടിയന്തര ഘട്ടങ്ങളിൽ സഹായങ്ങൾ ഏകോപിപ്പിക്കുന്നതിനുമാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ഭക്തർക്ക് യാത്രാമധ്യേ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനും, അവരുടെ തീർത്ഥാടനം സുരക്ഷിതവും സുഗമവുമാക്കാനും ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനം വലിയ ആശ്വാസമാകും.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട അധ്യക്ഷത വഹിച്ച ചടങ്ങിൽ അബിൻ വർക്കി എം.എൽ.എ, ഡി.സി.സി അധ്യക്ഷൻ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, സി.വി. ശാന്തകുമാർ എം.എൽ.എ, ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ ഐ.എ.എസ്, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐ.പി.എസ്, ആർ.ടി.ഒ സി. ശ്യാം, നഗരസഭാ അധ്യക്ഷ സിന്ധു അനിൽ എന്നിവർ പങ്കെടുത്തു. കൂടാതെ കെ. ജാസിം കുട്ടി, എസ്. ഫാത്തിമ, തോമസ് മാത്യു, നജീം രാജൻ, എം.സി. ആരിഫ് ഖാൻ, ജോൺസൺ വിളവിനാൽ, ടി.എച്ച്. സിറാജുദ്ദീൻ, ഷമീർ തടത്തിൽ, അംബരീഷ് തട്ട, രജനി പ്രദീപ്, അംബിക വേണു, മിസ്‌ന ആരിഫ്, ജോയമ്മ സൈമൺ, റ്റിജോ സാമുവൽ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
അയ്യപ്പഭക്തർക്ക് സേവനവും കരുതലും പകരുക എന്ന ലക്ഷ്യത്തോടെ ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന ഈ ജനകീയ ഉദ്യമത്തിന് കൂടുതൽ കരുത്തുപകരുന്നതാണ് ഹെൽപ്പ് ഡെസ്കിന്റെ പുതിയ പ്രവർത്തനവർഷം.
അയ്യപ്പഭക്തർക്ക് കൈത്താങ്ങായി ശബരിമല ഹെൽപ്പ് ഡെസ്ക്; ഉദ്ഘാടനം നിർവഹിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല