ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കേടിൽ പുതിയ നീക്കവുമായി രാഹുൽ ഗാന്ധി. ജനങ്ങളിൽ നിന്ന് നേരിട്ട് പരാതി കേൾക്കുക എന്ന ലക്ഷ്യത്തോടെ 'ജൻ സുൻവായ് എന്ന പേരിൽ പരിപാടിക്ക് രാഹുൽ ഗാന്ധി ഡൽഹിയിൽ തുടക്കം കുറിച്ചു. ഇന്ത്യ സഖ്യ നേതാക്കളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ജനങ്ങളിൽ നിന്ന് നേരിട്ട് പരാതി കേട്ട് ഒപ്പ് ശേഖരണം നടത്തി നിവേദനം സമർപ്പിക്കാനാണ് നീക്കമെന്നാണ് സൂചന.
വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന ആവശ്യത്തിലുറച്ച് ഇന്ത്യ സഖ്യം പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവുകയാണ്. ഇതിന് കൂടുതൽ ജനപിന്തുണ ഉറപ്പുവരുത്തുന്ന നീക്കമാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.
നാളെ ബിജെപി റാലി തുടങ്ങാനിരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഇന്ത്യ സഖ്യത്തിന്റെ അതിവേഗ നീക്കം. ഗ്യാനേഷ് കുമാറിനെ പ്രതീകാത്മക പരസ്യവിചാരണ നടത്തുന്ന പ്രതിഷേധ പരിപാടിക്ക് സർക്കാർ അനുമതി നിഷേധിച്ചതായി നേരത്തെ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. അശോക് ഹോട്ടൽ, രാംലീല മൈതാനം എന്നിവിടങ്ങളിൽ പരിപാടി നടത്താനുള്ള അപേക്ഷകളാണ് പോലീസ് നിഷേധിച്ചതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്നാണ് പ്രതിഷേധം തടയാൻ പോലീസിനെ ഉപയോഗിക്കുന്നതെന്ന് കെ.സി. വേണുഗോപാലും പവൻ ഖേരയും ആരോപിച്ചു.
വോട്ടർ പട്ടിക ക്രമക്കേട്: ജനങ്ങളിൽ നിന്ന് നേരിട്ട് പരാതി കേൾക്കാൻ രാഹുൽ ഗാന്ധി; 'ജൻ സുൻവായ്' പരിപാടിക്ക് ഡൽഹിയിൽ തുടക്കം