Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോട്ടം

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോട്ടം

സി.എം.ആര്‍.എല്‍ - എക്‌സാലോജിക് മാസപ്പടി കേസില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായ പുതിയ ഉത്തരവിനെ 'ചരിത്രവിജയം' എന്ന മട്ടില്‍ ആഘോഷിക്കാനുള്ള സി.പി.എം നീക്കം കേരളത്തിലെ ജനങ്ങളുടെ സാമാന്യബുദ്ധിയെ പരിഹസിക്കുന്നതാണ്. സുപ്രീം കോടതി വിധി പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്; കോടതികളില്‍ നിന്ന് കോടതികളിലേക്കുള്ള പിണറായി വിജയന്റെ നെട്ടോട്ടത്തിന് ഒരന്ത്യവുമില്ല, മറിച്ച് അതൊരു 'യു-ടേൺ' മാത്രമാണ്.

ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. അതിനെതിരെ അപ്പീലുമായി പ്രതികൾ ഡിവിഷൻ ബെഞ്ചിലെത്തി. ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയതോടെ, അടിയന്തരമായി കേസ് പരിഗണിക്കാന്‍ അവര്‍ സുപ്രീം കോടതിയിലെത്തുകയായിരുന്നു. ഇപ്പോള്‍, 'പരാതിക്കാരെ കേള്‍ക്കാതെ അപ്പീല്‍ തള്ളിയത് ശരിയായില്ല, ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിങ്ങളുടെ വാദം കൂടി കേള്‍ക്കണം' എന്ന നിലപാടിലാണ് കേസ് വീണ്ടും ഹൈക്കോടതിയിലേക്ക് തന്നെ തിരിച്ചയച്ചിരിക്കുന്നത്. പ്രതിഭാഗത്തിന്റെ ഈ ചെറിയ സാങ്കേതിക അപേക്ഷ അംഗീകരിച്ച് കേസ് മടക്കിവിട്ടതിനെയാണ് സി.പി.എം 'ക്ലീൻ ചിറ്റ്' എന്ന് വെള്ളപൂശാൻ നോക്കുന്നത്. യഥാർത്ഥത്തിൽ, ഹൈക്കോടതിയില്‍ വീണ്ടും വാദം കേള്‍ക്കാന്‍ ക്യൂ നില്‍ക്കാനുള്ള ഒരു ടോക്കണ്‍ മാത്രമാണ് സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ചിട്ടുള്ളത്.

'ഞങ്ങള്‍ കേസിലെ വസ്തുതകളിലോ മെറിറ്റിലോ ഇടപെടുന്നില്ല. അപ്പീല്‍ കേള്‍ക്കാനുള്ള അധികാരം മാത്രമാണ് പരിശോധിക്കുന്നത്' എന്ന് ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചിയും വി. മോഹനയും അടങ്ങിയ ബെഞ്ച് വിധിന്യായത്തില്‍ വളരെ കൃത്യമായി എടുത്തുപറഞ്ഞിട്ടുണ്ട്. അന്വേഷണത്തിന് ലഭിച്ചിരിക്കുന്നത് കേവലം 7 ദിവസത്തെ സ്റ്റേ മാത്രമാണ്. അപ്പീല്‍ ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ വിജിലന്‍സ് അന്വേഷണവുമായി മുന്നോട്ട് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം സുപ്രീം കോടതി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് തന്നെ വിട്ടുകൊടുത്തിരിക്കുകയാണ്. പിന്നെ എവിടെയാണ് സി.പി.എമ്മിന്റെ 'കുറ്റവിമുക്തനാക്കല്‍' സിദ്ധാന്തം?

'മടിയില്‍ കനമില്ലാത്തവന് വഴിയില്‍ ഭയമെന്തിനാണ്' എന്ന് മൈക്ക് കിട്ടുമ്പോഴെല്ലാം ആവര്‍ത്തിക്കുന്ന പിണറായി, എന്തിനാണ് വിജിലന്‍സ് എഫ്.ഐ.ആര്‍ ഇടുന്നതിനെപ്പോലും ഇത്രയധികം ഭയപ്പെടുന്നത്? കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയ വിവരങ്ങള്‍ തെറ്റാണെന്ന് കോടതി ഇതുവരെ പറഞ്ഞിട്ടില്ല; ഇ.ഡി അന്വേഷണവും വിലക്കിയിട്ടില്ല. എക്‌സാലോജിക് കമ്പനിക്ക് ഒരു സേവനവും നല്‍കാതെ മാസപ്പടിയായി കരിമണല്‍ കമ്പനി കോടികള്‍ കൊടുത്തു എന്ന ഇന്‍കം ടാക്‌സ് സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ആധികാരിക രേഖയെയും ഏതെങ്കിലും കോടതി റദ്ദാക്കിയിട്ടില്ല. കാതലായ അഴിമതി ആരോപണങ്ങള്‍ ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നുണ്ട്.

നടപടിക്രമങ്ങളിലെ ചെറിയ സാങ്കേതികതകള്‍ ഉയര്‍ത്തിക്കാട്ടി നാണക്കേടില്‍ നിന്ന് രക്ഷപ്പെടാന്‍ പിണറായി വിജയനും കുടുംബവും നടത്തുന്ന ഈ 'ലീഗല്‍ സര്‍ക്കസ്' പൊതുജനത്തിന് മുന്‍പില്‍ ഇതിനോടകം തുറന്നുകാട്ടപ്പെട്ടു കഴിഞ്ഞു. ഒരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ ഡല്‍ഹിയിലെ അതിപ്രശസ്തരായ അഭിഭാഷകരെ കോടികള്‍ ഫീസ് നല്‍കി സുപ്രീം കോടതിയില്‍ അണിനിരത്തേണ്ടി വരുന്നത് തന്നെ തിരുട്ടുസംഘത്തിന്റെയും പാര്‍ട്ടിയുടെയും യഥാർത്ഥ ഭയം വ്യക്തമാക്കുന്നതാണ്.

സിംഗിള്‍ ബെഞ്ചില്‍ നിന്നും ഡിവിഷന്‍ ബെഞ്ചിലേക്കും, അവിടെ നിന്ന് സുപ്രീം കോടതിയിലേക്കും, ഇപ്പോള്‍ വീണ്ടും ഡിവിഷന്‍ ബെഞ്ചിലേക്കുമുള്ള ഓട്ടം അവസാനിക്കാറായിട്ടില്ല. വിചാരണയില്‍ നിന്നോ അന്വേഷണത്തില്‍ നിന്നോ ഉള്ള മുക്തിയല്ല ഇത്; താല്‍ക്കാലികമായി ആയുസ്സ് നീട്ടിക്കിട്ടാനുള്ള സാങ്കേതിക ശ്വാസമെടുക്കല്‍ മാത്രമാണ്. ഡിവിഷന്‍ ബെഞ്ച് വാദം കേട്ട ശേഷം അന്വേഷണത്തിന് പച്ചക്കൊടി കാട്ടിയാല്‍ പിണറായിയും കുടുംബവും വീണ്ടും സുപ്രീം കോടതിയിലേക്ക് ഓടേണ്ടി വരും. കോടതിയില്‍ നിന്ന് കോടതിയിലേക്ക് നീളുന്ന ഈ നെട്ടോട്ടം ജനങ്ങളുടെ കണ്ണില്‍ അഴിമതി മറയ്ക്കാനുള്ള വെപ്രാളമായി മാത്രമേ വിലയിരുത്തപ്പെടൂ. ജനകീയ കോടതിയില്‍ വിചാരണ ചെയ്യപ്പെട്ടുകഴിഞ്ഞ മാസപ്പടി ഇടപാടില്‍ നിന്ന് സാങ്കേതിക സ്റ്റേകൾ കാണിച്ച് രക്ഷപ്പെടാമെന്ന് പിണറായിയും സി.പി.എമ്മും കരുതുന്നുണ്ടെങ്കില്‍ അത് വെറും വ്യാമോഹം മാത്രമാണ്; നിയമത്തിന്റെ വാള്‍ ഇപ്പോഴും കൃത്യമായി പിന്തുടരുന്നുണ്ട്!

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപം: ബി.ജെ.പി നേതാവ് കെ. ശ്രീകാന്തിനെതിരെ പരാതി നൽകി ടി.ഒ. മോഹ...

Popular News

29-ാമത് കേരള ഗവർണറായി ഓം പ്രകാശ് മാഥുർ ഒക്ടോബർ 23-ന് സത്യപ്രതിജ്ഞ ചെയ്യും

Popular News

തൊടുപുഴയിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപന: സിപിഎം നേതാവ് അറസ്റ്റിൽ

Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Save your stories

Sign in