നെടുമ്പാശ്ശേരി: മൂന്ന് പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിൽ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കി പോലീസ്. കേസിലെ പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പോലീസ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. കൂടുതൽ ചോദ്യം ചെയ്യലിനും വിശദമായ തെളിവെടുപ്പിനുമായാണ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രധാന പ്രതി സുഹൈൽ അടക്കം നാല് പേരുടെയും ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള പോലീസിന്റെ നീക്കം. പ്രതികളെ അപകടസ്ഥലത്ത് നേരിട്ടെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനും, തിരിച്ചറിയൽ പരേഡ് അടക്കമുള്ള നിയമനടപടികൾ പൂർത്തിയാക്കുന്നതിനുമാണ് പോലീസ് ലക്ഷ്യമിടുന്നത്.
അപകടം നടക്കുമ്പോൾ വാഹനം എത്ര വേഗതയിലാണ് ഓടിച്ചിരുന്നത്, അപകടസമയത്ത് ബ്രേക്ക് പ്രയോഗിച്ചിരുന്നോ തുടങ്ങിയ നിർണ്ണായക വിവരങ്ങൾ വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകൾക്കായും സാങ്കേതിക വിദഗ്ദ്ധരുടെ റിപ്പോർട്ടിനായും പോലീസ് കാത്തിരിക്കുകയാണ്. ഈ തെളിവുകൾ ലഭിക്കുന്നതോടെ കേസിന്റെ അന്വേഷണത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകട കേസ്; അന്വേഷണം ശക്തമാക്കി പോലീസ്, പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും