തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം (SIT) വിപുലീകരിച്ചു. രണ്ടു എസ്പിമാരെയും ഒരു ഡിവൈഎസ്പിയെയുമാണ് പുതുതായി അന്വേഷണ സംഘത്തിന്റെ ഭാഗമാക്കിയിരിക്കുന്നത്. പുതിയതായി രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകള്‍ ഇവര്‍ക്ക് കൈമാറി. ഇതിനിടെ, കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് 10 പിഎസ്സി അംഗങ്ങള്‍ക്കും സെക്രട്ടറിക്ക് ഇന്ന് ക്രൈംബ്രാഞ്ച് നോട്ടീസ് അയക്കും.
അതേസമയം, ചോദ്യം ചെയ്യലില്‍ പിഎസ്സി ചെയര്‍മാനും അംഗങ്ങളും നല്കിയ മൊഴികളില്‍ വലിയ ഭിന്നതയുണ്ടെന്നാണ് വിവരം. തീരുമാനങ്ങളെല്ലാം കൂട്ടായാണ് എടുത്തതെന്ന് പിഎസ്സി ചെയര്മാന് എം.ആര്. ബൈജു ക്രൈംബ്രാഞ്ചിന് മൊഴി നല്കിയപ്പോള്, പല പ്രധാന തീരുമാനങ്ങളും ചെയര്മാന് ഏകപക്ഷീയമായി ഒറ്റയ്ക്കാണ് എടുക്കുന്നതെന്നാണ് ചില അംഗങ്ങള്‍ മൊഴി നല്‍കിയിട്ടുള്ളത്. കേസിലെ പ്രധാന പ്രതിയായ അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്. ഹരിയുമായി ചെയര്മാന് വലിയ അടുപ്പമുണ്ടെന്നും ചില അംഗങ്ങള്‍ ആരോപിക്കുന്നു. നിലവില്‍ ഒളിവില്‍ കഴിയുന്ന ആര്. ഹരിക്കായുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി സതീഷിനെ കോടതി റിമാന്‍ഡ് ചെയ്തു.
ഉദ്യോഗസ്ഥരായ ആര്. ഹരി, സതീഷ് എന്നിവരെ സംരക്ഷിക്കുന്ന നിലപാടാണ് ചോദ്യം ചെയ്യലില്‍ ചെയര്മാന് സ്വീകരിച്ചത്. ആസൂത്രണ ബോര്‍ഡ് പരീക്ഷയിലെ 10 ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ പോയത് ബോധപൂര്‍വമായ വീഴ്ചയല്ലെന്നും വെറും സാങ്കേതിക പിഴവാണെന്നുമാണ് ചെയര്‍മാന്റെ മൊഴി. എന്നാല്‍ ഈ വിശദീകരണം ക്രൈംബ്രാഞ്ച് പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. പിഎസ്സിയിലെ മുഴുവന്‍ അംഗങ്ങളെയും ചോദ്യം ചെയ്തതിന് ശേഷം ചെയര്‍മാനെ വീണ്ടും വിളിപ്പിച്ചു ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ഇതിനിടെ, പിഎസ്സി ക്രമക്കേടില്‍ ഒരു കേസ് കൂടി പുതുതായി രജിസ്റ്റര്‍ ചെയ്തു. അസിസ്റ്റന്റ് എംവിഐ പരീക്ഷയുമായി ബന്ധപ്പെട്ടാണ് പുതിയ കേസ് എടുത്തിരിക്കുന്നത്. പരീക്ഷയിലെ ഭൂരിപക്ഷം ചോദ്യങ്ങളും ഒരു പ്രത്യേക ഗൈഡില്‍ നിന്ന് അതേപടി പകര്‍ത്തിയതാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
പിഎസ്സി പരീക്ഷക്രമക്കേട്; പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തി, 2 എസ്പിമാരെയും ഒരു DYSPയെയും ഉള്‍പ്പെടുത്തി